കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്തതില്‍ ഉന്നതതല അന്വേഷണം വേണം; പാലക്കാട്  ജില്ല വികസന സമിതിയോഗത്തില്‍ പ്രമേയം

പാലക്കാട് :  പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്ത സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.ബാബു എംഎല്‍എ അവതരിപ്പിച്ച പ്രമേയം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ്ബാബുവും കെ.ഡി പ്രസേനന്‍ എം.എല്‍.എയും പിന്താങ്ങി.2023-24 ജലവര്‍ഷം അവസാനിച്ചപ്പോള്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ഏകദേശം മൂന്ന് ടി.എം.സിയിലധികം ജലം ഉപയോഗിക്കാതെ വെറുതെ കിടന്നിരുന്നു. കേരളത്തിന് മണക്കടവില്‍ ഒരു വര്‍ഷം 7.25 ടി.എം.സി ഫീറ്റ് ജലം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും 2023-24-ല്‍ 5.68 ടി.എം.സി ഫീറ്റ് ജലം മാത്രമാണ് ലഭിച്ചത്.

 

പാലക്കാട് :  പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്ത സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.ബാബു എംഎല്‍എ അവതരിപ്പിച്ച പ്രമേയം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ്ബാബുവും കെ.ഡി പ്രസേനന്‍ എം.എല്‍.എയും പിന്താങ്ങി.2023-24 ജലവര്‍ഷം അവസാനിച്ചപ്പോള്‍ പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ ഏകദേശം മൂന്ന് ടി.എം.സിയിലധികം ജലം ഉപയോഗിക്കാതെ വെറുതെ കിടന്നിരുന്നു. കേരളത്തിന് മണക്കടവില്‍ ഒരു വര്‍ഷം 7.25 ടി.എം.സി ഫീറ്റ് ജലം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും 2023-24-ല്‍ 5.68 ടി.എം.സി ഫീറ്റ് ജലം മാത്രമാണ് ലഭിച്ചത്.

1.57 ടി.എം.സി ഫീറ്റ് ജലം ലഭിച്ചില്ല. ഈ ജലം കേരളത്തിന്റെ ആവശ്യം നിറവേറ്റാന്‍ ധാരാളമായിരുന്നു. ജോയിന്റ് വാട്ടര്‍ റെഗുലേഷന്‍ ബോര്‍ഡിന്റെ ഇടപെടല്‍ വേണ്ടത്ര ശക്തമാവാത്തതിനാലാണ് അര്‍ഹതപ്പെട്ട ജലം ലഭിക്കാതിരുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു.മഴയില്‍ തകര്‍ന്ന നെല്ലിയാമ്പതി ചുരം റോഡ് പുനര്‍നിര്‍മാണം അതിവേഗം പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ കെ.ബാബു എം.എല്‍.എ യോഗത്തില്‍ അഭിനന്ദിച്ചു. ചെറുനെല്ലി ഊരില്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനായി ഉടന്‍ ആലോചനായോഗം ചേരണമെന്നും സംയുക്ത പരിശോധന പൂര്‍ത്തിയായ പട്ടയ അപേക്ഷകളില്‍ നടപടി വേഗത്തിലാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു.പട്ടാമ്പി പാലത്തിന്റെ കൈവരി നിര്‍മാണം സെപ്തംബര്‍ നാലിനകം പൂര്‍ത്തിയാകുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ ചോദ്യത്തിന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മറുപടി നല്‍കി. ഭാരതപ്പുഴയിലെ മണലെടുപ്പിന് നടപടി വേണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.പറളി വട്ടപ്പള്ളം റെയില്‍വേ അടിപ്പാത, മങ്കര കാളികാവ് മേല്‍പ്പാലം എന്നിവയുടെ നിര്‍മാണം ത്വരിതപ്പെടുത്തണമെന്ന് കെ.ശാന്തകുമാരി എം.എല്‍.എ ആവശ്യപ്പെട്ടു. പറളി ചന്തപ്പുരയില്‍ ഭാരതപുഴയില്‍ നിര്‍മ്മിച്ച തടയണയുടെ രൂപകല്‍പനയില്‍ അശാസ്ത്രീയതയുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സ്ഥലപരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി.


വാളയാര്‍ - വടക്കാഞ്ചേരി ദേശീയപാതയോരത്തെ കാനകളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മഴവെള്ളം പാടശേഖരങ്ങളിലേക്ക് ഒഴുക്കിവിടുന്നത് തടയാന്‍ നടപടി വേണമെന്ന് കെ.ഡി.പ്രസേനന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പാടശേഖരങ്ങളും തോടുകളും നിറഞ്ഞ് അപകടാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ എന്‍.എച്ച്.എ.ഐക്ക് നിര്‍ദേശം നല്‍കും.ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി ഉള്‍പ്പെടുന്ന പുതുശ്ശേരി പഞ്ചായത്തില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്ന സാഹചര്യത്തില്‍ ഗെയ്ല്‍ അധികൃതരും സിറ്റി ഗ്യാസ് പ്രതിനിധികളും ജല അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തും. ഗെയ്ല്‍, സിറ്റി ഗ്യാസ് അധികൃതരില്‍ നിന്ന് അറ്റകുറ്റപ്പണി നടത്തുകയോ തുക ഈടാക്കുകയോ ചെയ്യുന്നതിന് നടപടി വേണമെന്ന് എ.പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.  എലപ്പുള്ളിയിലെ പാലക്കാട് താലൂക്കാശുപത്രി കെട്ടിട നിര്‍മാണത്തിന് തടസമായ മരം മുറിച്ചു മാറ്റുന്നതിന് അടിയന്തര നടപടി വേണമെന്നും എം.എല്‍.എ പറഞ്ഞു.ശ്രീകൃഷ്ണപുരത്തെ കാഞ്ഞിരപ്പറ, പുഞ്ചപ്പാടം പ്രദേശങ്ങളില്‍ തോട് ഗതിമാറി ഒഴുകി വിളനാശം സംഭവിക്കുന്നതിനാല്‍ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടിയെടുക്കണമെന്ന് കെ.പ്രേംകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കരിമ്പുഴ ചോലകുറിശ്ശി ആറ്റാശ്ശേരി പ്രദേശത്ത് രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും ഭൂമി തരം മാറ്റല്‍ നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എരുത്തേമ്പതിയില്‍ വ്യാജ കള്ള് നിര്‍മാണത്തിനുപയോഗിക്കുന്ന പേസ്റ്റ് പിടിച്ചെടുത്ത സാഹചര്യത്തില്‍ എക്‌സൈസ് - പോലീസ് സംയുക്ത പരിശോധന വേണമെന്നും തമിഴ്‌നാടുമായി ചേര്‍ന്ന് സംയുക്ത ഡ്രൈവ് സംഘടിപ്പിക്കണമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു ആവശ്യപ്പെട്ടു. ഇത് തമിഴ്‌നാടിനെ അറിയിക്കാന്‍ വേണ്ട നടപടിയെടുക്കുന്നതിന് ജില്ലാ വികസന സമിതി തീരുമാനമാനിച്ചു.ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയില്‍ ഹാപ്പിനസ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നപക്ഷം അനുമതി അതത് വകുപ്പുകള്‍ നല്‍കണമെന്ന് യോഗം നിര്‍ദേശം നല്‍കി.


വിവിധ മിഷനുകളുടെ പ്രവര്‍ത്തനം യോഗത്തില്‍ അവലോകനം ചെയ്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ കെ.ശാന്തകുമാരി, മുഹമ്മദ് മുഹ്‌സിന്‍, കെ.ഡി.പ്രസേനന്‍, കെ.ബാബു, എ.പ്രഭാകരന്‍, കെ.പ്രേംകുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ.ശ്രീലത, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്.വിനോദ് ബാബു, ജില്ലാ ഓഫീസര്‍മാര്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.