കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം മാവൂരിൽ ചാലിയാർ പുഴയിൽ കണ്ടെത്തി
കോഴിക്കോട്: കാണാതായ പാലക്കാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം ചാലിയാർ പുഴയിൽ മാവൂരിന് സമീപം എളമരം കടവിൽ കണ്ടെത്തി. ഒറ്റപ്പാലം അഴിയൂർ തെട്ടിക്കുഴിയിൽ മാധവന്റെ മകൻ ദിലീപ് എം. (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ചാലിയാർ പുഴയിലെ എളമരം പാലത്തിന് സമീപം മൃതദേഹം ഒഴുകിനടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് മാവൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. കോഴിക്കോട്ടെ ഈസ്റ്റേൺ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്ന ദിലീപിനെ രണ്ട് ദിവസം മുമ്പാണ് കാണാതാകുന്നത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പാലക്കാട് കോങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തുടർ പരിശോധനകൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.