കാലവർഷം: പ്രതിരോധനടപടികൾ ശക്തമാക്കണം: മന്ത്രി എൻ ഷംസുദ്ദീൻ
കാലവർഷത്തെ മുൻനിർത്തിയുള്ള പ്രതിരോധനടപടികൾ ശക്തമാക്കണമെന്ന് ജില്ലയുടെ ചുമതലയുളള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലക്കാട് : കാലവർഷത്തെ മുൻനിർത്തിയുള്ള പ്രതിരോധനടപടികൾ ശക്തമാക്കണമെന്ന് ജില്ലയുടെ ചുമതലയുളള പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ജില്ല തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ/ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിച്ചു. മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണവകുപ്പിന്റെ നേതൃത്വത്തിൽ 627 മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. തുടർന്നും ശ്രദ്ധയിൽപ്പെട്ടാൽ ഇവ നീക്കം ചെയ്യണമെന്ന നിർദേശവും നൽകി. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, കേരള വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പുകളിലെ ഓരോ എക്സിക്യൂട്ടീവ് എൻജിനീയർമാരുടെയും കീഴിൽ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ തയ്യാറാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ജില്ലയിൽ സജ്ജമായി.
ഡെങ്കിപനി കൂടുതലായി റിപ്പോർട്ട് ചെയ്ത മണ്ണാർക്കാട് മുനിസിപ്പാലിറ്റി, കോട്ടോപ്പാടം, തെങ്കര, പാലക്കാട് നഗരസഭാ പരിധിയിലെ അകത്തേത്തറ, പുതുപ്പരിയാരം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. പകർച്ചവ്യാധി പ്രതിരോധത്തിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ വലിയ പാത്രങ്ങളിൽ വെള്ളം പിടിച്ചുവെയ്ക്കുന്നത്, ചെടിച്ചട്ടികളിലും ഫ്രിഡ്ജിന് പുറകിലെ ട്രേകളിലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ, പൊതുയിടങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയവ കൊതുക് പ്രജനനത്തിന് കാരണമാകും. ഈ സാഹചര്യങ്ങൾ ഉണ്ടാവാതിരിക്കാൻ അതീവശ്രദ്ധ പാലിക്കണം. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ ഗൗരവമായി കണക്കിലെടുക്കണമെന്നും നിർദേശിച്ചു. മഴക്കാലരോഗവ്യാപന സാഹചര്യത്തിന് മുൻഗണന നൽകി, കൊതുകിനെ നശിപ്പിക്കുന്ന ലായനി ഉണ്ടാക്കുന്നതിന് ആവശ്യമായ മണ്ണെണ്ണ ലഭ്യത ഉറപ്പാക്കാൻ പൊതുവിതരണ വകുപ്പിനെ ചുമതലപ്പെടുത്തി.
ജില്ലയിലെ 987 സ്‌കൂളുകളിൽ 963 എണ്ണത്തിനും ഫിറ്റ്‌നസ് ലഭിച്ചിട്ടുണ്ട്. ബാക്കി സ്‌കൂളുകളിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് എൻജിനീയർമാർ നിർദേശിച്ച അറ്റക്കുറ്റപണി ഉടൻ പൂർത്തിയാക്കുന്ന മുറയ്ക്ക് ഫിറ്റ്‌നസ് അനുവദിക്കും. സ്‌കൂളുകളിൽ അപകടാവസ്ഥ പൂർണമായും ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കർശനമായി നിർദേശിച്ചു.
മഴ തുടരുന്ന സാഹചര്യത്തിൽ മിക്കയിടങ്ങളിൽ വൈദ്യുതി തകരാർ, അനുബന്ധപ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്വിക്ക് റെസ്‌പോൺസ് ടീം രൂപീകരിച്ചിട്ടുണ്ട്. വന്യമൃഗശല്യത്തെ ചെറുക്കാൻ ദ്രുത പ്രതികരണ സേന (ആർ.ആർ.ടി)യുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്; പട്രോളിങും ശക്തമാക്കി. റോഡുകളിലെ വെള്ളക്കെട്ട് പരിഹരിച്ച് ഗതാഗതയോഗ്യമാക്കാനും ആവശ്യമായ അപകടസാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിർദേശിച്ചു. പട്ടികജാതി- പട്ടികവർഗ മേഖലകളിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കും. അടിയന്തരസാഹചര്യം ഉണ്ടായാൽ ക്യാമ്പിലേക്ക് മാറ്റുന്നതിന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വയോജനങ്ങൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവർക്ക് പരിചരണം ഉറപ്പാക്കണം. ദുരന്തനിവാരണത്തിന് അനിവാര്യമായ മണ്ണ് മാന്തിയന്ത്രങ്ങൾ, ട്രക്ക്, ഹിറ്റാച്ചി, ജനറേറ്റുകൾ എന്നിവയുടെ ലഭ്യത, ആംബുലൻസ്, അഗ്നിരക്ഷാ സംവിധാനങ്ങൾ, ഇതരആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനും നിർദേശിച്ചു.