സർക്കാർ നടപ്പാക്കിയത് ദീർഘവീക്ഷണത്തോടെയുള്ള വികസനം : മന്ത്രി പി എ മുഹമ്മദ് റിയാസ്

ദീർഘ വീക്ഷണത്തോടെയുള്ള വികസനമാണ് സർക്കാർ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃത്താല മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ  കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

പാലക്കാട് : ദീർഘ വീക്ഷണത്തോടെയുള്ള വികസനമാണ് സർക്കാർ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃത്താല മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ  കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ലെന്ന് കരുതിയ ദേശീയ പാത 66 പദ്ധതിയെ പുനരുജ്ജീവിപ്പിക്കുന്നതിന്  5580 കോടി സർക്കാർ ചെലവഴിച്ചു. കഴിഞ്ഞ പത്ത് വർഷം കൊണ്ട് പശ്ചാത്തല മേഖലയിൽ വലിയ വികസനമാണുണ്ടായത്. ലെവൽ  ക്രോസ് രഹിത കേരളം എന്ന ലക്ഷ്യം നിറവേറ്റുന്നതിലും വലിയ മുന്നേറ്റം സാധ്യമാക്കി. റോഡ് നവീകരണത്തിന് 35,000 കോടി രൂപ വിനിയോഗിക്കാനായി.

നാടിന്റെ വികസനത്തിന് കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്ന് അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 2021- 22 ബജറ്റിൽ  അനുവദിച്ച 12.5 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.

പരിപാടിയിൽ പി.ഡബ്ളി.യു.ഡി കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയർ എസ് ദീപു റിപ്പോർട്ട്  അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, പഞ്ചായത്തംഗം പ്രസാദ് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അഹമ്മദ് അഫ്സൽ, ഡോ.ശ്രീകുമാർ, ഡോ.പി കെ കൃഷ്ണദാസ്, ഡോ.വി സേതുമാധവൻ, ഡോ.സി ഹരിദാസ്, ഡോ.ഇ സുഷമ, മെഡിക്കൽ ഓഫീസർ ഡോ.സി വി വിജിൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും നടന്നു.