പാർശ്വവൽക്കരിക്കപ്പെടുന്നവരെ സർക്കാർ മുഖ്യധാരയിലെത്തിക്കുന്നു: മന്ത്രി ഒ.ആർ.കേളു
പാർശ്വവൽക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു.
പാലക്കാട് : പാർശ്വവൽക്കരിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു. പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ഉപജില്ലാ ഓഫീസ് ഒറ്റപ്പാലം മുനിസിപ്പൽ മാർക്കറ്റ് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉപജില്ലാ ഓഫീസിലൂടെ ലഭിക്കുന്ന വായ്പകളിലൂടെ ഗുണഭോക്താക്കൾ പുതിയ സംരംഭങ്ങൾ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല, ശ്രീ കൃഷ്ണപുരം, ബ്ലോക്ക് പഞ്ചായത്തുകളിലെ 1,35,000 ത്തോളം വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന ജന വിഭാഗങ്ങൾക്ക് വിവിധ സേവനങ്ങൾ ഇനി മുതൽ ഒറ്റപ്പാലം സബ് ഓഫീസിൽ നിന്ന് ലഭിക്കും. സ്വയം തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, ഭവനനിർമ്മാണം, എന്നീ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുകയാണ് ലക്ഷ്യം. കൂടാതെ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് സി.ഡി.എസ്. വഴി വായ്പ, നിലവിൽ സംരഭം നടത്തുന്നവർക്ക് വിപുലീകരിക്കാൻ സമൃദ്ധി കേരളം പദ്ധതി, മിൽമ പാർലർ,തുടങ്ങിയ പദ്ധതികളുൾപ്പെടെ വിവിധ പദ്ധതികളും കോർപ്പറേഷൻ നടപ്പിലാക്കിവരുന്നുണ്ട്.
പരിപാടിയിൽ അഡ്വ. കെ പ്രേംകുമാർ എം എൽ എ അധ്യക്ഷനായി. വായ്പ വിതരണം ഒറ്റപ്പാലം നഗരസഭ ചെയർപേഴ്‌സൺ എം കെ ജയസുധ നിർവഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ കെ ഷാജു, മാനേജിങ് ഡയറക്ടർ വി പി സുബ്രഹ്‌മണ്യൻ, ഒറ്റപ്പാലം നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ രാജേഷ്,സ്ഥിരം സമിതി അധ്യക്ഷനായ ടി സബിത, ശ്രീജില, പാർവതി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.