പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് പ്രാധാന്യം: മന്ത്രി കെ എ തുളസി

ട്ടികജാതി പട്ടികവർഗ വിഭാഗത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി നിർദ്ദേശം സമർപ്പിക്കുമ്പോൾ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി.

 

പാലക്കാട് : പട്ടികജാതി പട്ടികവർഗ വിഭാഗത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി നിർദ്ദേശം സമർപ്പിക്കുമ്പോൾ സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. പി എം അജയ് (പ്രധാൻമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന) പദ്ധതിയുടെ 2026-27 വർഷത്തേക്കുള്ള കർമപദ്ധതി അംഗീകരിക്കുന്നതിനായി പട്ടികജാതി പട്ടികവർഗ ജില്ലാതല കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നൂതനമായതും, അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കുകയും പദ്ധതിപുരോഗതി കൃത്യമായ വിലയിരുത്തി ഉറപ്പാക്കുകയും വേണമെന്നും മന്ത്രി നിർദേശിച്ചു.  

ആറ് പദ്ധതികൾക്ക് സമിതിയുടെ അംഗീകാരം ലഭിച്ചു. ക്ഷീരവികസന വകുപ്പിന്റെ ഡയറി യൂണിറ്റുകൾ സ്ഥാപിക്കൽ, ഇൻഷുറൻസ് പരിരക്ഷ, പരിശീലനം എന്നിവ ഉൾപ്പെടുന്ന 80.70 ലക്ഷം രൂപയുടെ പദ്ധതി, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കൊല്ലങ്കോട് കൈത്തറി സഹകരണ സംഘത്തിന് മൂലധന ഗ്രാൻഡിനായി 20 ലക്ഷം രൂപയുടെ പദ്ധതി, അസാപ്പിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾക്കായി 32.85 ലക്ഷം രൂപയുടെ പദ്ധതി, ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ മണ്ണാൻ സമുദായത്തിൽപ്പെട്ട അലക്കുതൊഴിലാളി കുടുംബങ്ങൾക്ക്  2.40 ലക്ഷം രൂപയുടെ തൊഴിൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പദ്ധതി, തൃത്താല ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസിൽ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി മൂന്ന് കോടി രൂപ, അഞ്ച് ലക്ഷം രൂപയുടെ വോളിബോൾ കോർട്ട് നിർമാണം തുടങ്ങിയ പദ്ധതികളാണ് അംഗീകരിച്ചത്. അംഗീകാരം ലഭിച്ച പദ്ധതികൾ തുടർനടപടികൾക്കായി പോർട്ടലിൽ അപ്ലോഡ് ചെയ്യും. 

ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് (ഇൻചാർജ്) എൻ സരിത അധ്യക്ഷയായി. പി പി സുമോദ് എം എൽ എ, എ.ഡി.എം കെ സുനിൽകുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.