ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ നിയന്ത്രണം വേണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
:ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ നിയന്ത്രണം വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.'ആരോഗ്യം ആനന്ദം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'വൈബ് 4 വെൽനസ്' ചിറ്റൂർ നിയോജക മണ്ഡലം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പാലക്കാട് :ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിൽ നിയന്ത്രണം വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.'ആരോഗ്യം ആനന്ദം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 'വൈബ് 4 വെൽനസ്' ചിറ്റൂർ നിയോജക മണ്ഡലം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക ഭക്ഷണരീതികൾ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാണെന്നും രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും മന്ത്രി പറഞ്ഞു. രോഗങ്ങൾ സങ്കീർണ്ണമാകുന്നതിന് മുൻപുതന്നെ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധനകൾ നടത്തണം. സാർവ്വത്രികമായ പരിശോധനകളിലൂടെ രോഗങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കാൻ സഹായിക്കും. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കൾ ജാഗ്രത പാലിക്കണം. ഡിജിറ്റൽ അടിമത്തത്തിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിലാണ് ആരോഗ്യം ആനന്ദം 'വൈബ് 4 വെൽനസ്' നടക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം, മിതമായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടിയും ജീവിതശൈലി രോഗങ്ങളുടെ സ്‌ക്രീനിങ്, വാക്കത്തോൺ, ലഘുഭക്ഷണം, സുംബഡാൻസ്, യോഗ സെഷൻ, ആയുഷ് ബോധവത്കരണ ക്ലാസുകളും നടത്തി.
പെരുമാട്ടി എ.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷനായി. ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനസ് നോഡൽ ഓഫീസർ ഡോ. പി.വി. ഉഷ സലൂജ വിഷയ അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ടി. മഹേഷ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.ബീന എന്നിവർ വിശിഷ്ടാതിഥികളായി. പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷർമിള രാജൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് എം ഒ ജി എ ഡി ഡോ. സാബിറ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ് സുനിത, പെരുമാട്ടി ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. രഞ്ജി. പി.ആനന്ദ് മറ്റു മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.