കുഴല്‍മന്ദം ശിവദാസന്‍ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം
കുഴല്‍മന്ദം ശിവദാസന്‍ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ രണ്ടാം പ്രതി കുഴല്‍മന്ദം കണ്ണന്നൂര്‍ കാട്ടിരംകാട് വീട്ടില്‍ പ്രസാദി(47)നെയാണ് പാലക്കാട് തേര്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് (എഫ്.ടി.സി.ഐ) കെ.പി തങ്കച്ചന്‍ ശിക്ഷിച്ചത്.
പാലക്കാട്: കുഴല്‍മന്ദം ശിവദാസന്‍ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ രണ്ടാം പ്രതി കുഴല്‍മന്ദം കണ്ണന്നൂര്‍ കാട്ടിരംകാട് വീട്ടില്‍ പ്രസാദി(47)നെയാണ് പാലക്കാട് തേര്‍ഡ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് (എഫ്.ടി.സി.ഐ) കെ.പി തങ്കച്ചന്‍ ശിക്ഷിച്ചത്. കുഴല്‍മന്ദം കണ്ണനൂര്‍ കാട്ടിരംകാട് വീട്ടില്‍ വേലുണ്ണിയുടെ മകന്‍ ശിവദാസി(32)നെ വെട്ടി പരുക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.
2013 ജൂണ്‍ മൂന്നിന് വൈകീട്ട് 3.50നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി കുഴല്‍മന്ദം കാട്ടിരംകാട് പ്രകാശ(39)നെ കസ്റ്റഡിയിലിരിക്കെ പാലക്കാട് സബ് ജയിലില്‍നിന്നും കോടതിയിലേക്ക് പോലീസ് അകമ്പടിയില്‍ കൊണ്ടു പോകുന്നതിനിടെ കോട്ടയ്ക്ക് സമീപം വെച്ച് ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതികളെ രക്ഷപ്പെടുത്തുന്നതിനും ഒളിവില്‍ പാര്‍പ്പിക്കുന്നതിനും സഹായിച്ച മൂന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.
ക്ഷേത്രത്തില്‍ പൂജ നടത്തിപ്പിനെ ചൊല്ലിയും അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നും ഒന്നാം പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പരാതി പെട്ടതിലുള്ള മുന്‍വിരോധത്തിലും പുല്ലുപ്പാറ എന്ന സ്ഥലത്ത് വെച്ച് പ്രതികള്‍ മോട്ടോര്‍സൈക്കിളില്‍ വരുകയായിരുന്ന ശിവദാസിനെ ഇടിച്ച് വീഴ്ത്തി വാളുകൊണ്ട് വെട്ടിയും കുത്തിയും 56 മാരകമായ പരുക്കുകള്‍ ഏല്‍പ്പിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ വാദം.
അന്നത്തെ കുഴല്‍മന്ദം ഇന്‍സ്‌പെക്ടറും നിലവിലെ പാലക്കാട് അഡീ. എസ്.പിയുമായ പി.സി. ഹരിദാസ് ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. രാമദാസ്, വി. കിട്ടു, സുരേന്ദ്രന്‍, ഹരിദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യുഷനുവേണ്ടി മുന്‍ അഡീ. പ്രോസിക്യൂട്ടര്‍ ആനന്ദ്, നിലവിലെ പ്രോസിക്യൂട്ടര്‍ എസ്. സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 107 രേഖകള്‍ രേഖപ്പെടുത്തി 44 സാക്ഷികളെ വിസ്തരിച്ചു. എസ്.സി.പി.ഒ. സുഭാഷ്, ഷിബു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.