കെഎസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു; പലിശക്കാരുടെ മര്‍ദ്ദനമേറ്റെന്ന് സംശയം
പാലക്കാട്: കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊള്ള പലിശക്കാരുടെ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ മനോജ് (40) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ഒന്‍പതിന് വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് കൊടുവായൂരിലെ സഹോദരിയുടെ വീട്ടിലെത്തിയത് അവശനിലയിലായിരുന്നു. ഉടനെ കൊടുവായൂര്‍ ഗവ. ആശുപത്രിയിലും കാഴ്ചപ്പറമ്പ് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലും ചികിത്സതേടി. ഇന്ന് രാത്രിയാണ് മരണപ്പെട്ടത്. അമ്മ: രുഗ്മണി. സഹോദരിമാര്‍: ശാരദാ രതീഷ്, സജിതാ അനില്‍.
നാട്ടുകാര്‍ പറയുന്നത്: ജോലിയിലിരിക്കെ മരിച്ച അച്ഛന്‍ കൃഷ്ണന്റെ ജോലിയാണ് മനോജിന് ലഭിച്ചത്. ഒരു സഹോദരിയെ കല്യാണം കഴിച്ചു കൊടുക്കാനും അച്ഛന്റെ കട ബാധ്യത തീര്‍ക്കാനും കുളവന്‍ മുക്കിലെ ചില സുഹൃത്തുക്കളോട് പലിശക്ക് കടം വാങ്ങിയിരുന്നു.
ഇതില്‍ അടവ് തെറ്റിച്ചതിനെ തുടര്‍ന്ന് നടുത്തറയിലെ വീട്ടില്‍ പോയി വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പലിശക്ക് പണം കൊടുത്തവരുടെ ശല്യം സഹിക്കവയ്യാതെ വടക്കഞ്ചേരി ഡിപ്പോയില്‍ കണ്ടക്ടറായിരുന്ന മനോജ്, സ്ഥലംമാറ്റം വാങ്ങി എറണാകുളം-തൃശൂര്‍ റൂട്ടിലാണ് ഓടികൊണ്ടിരിക്കുന്നത്.
അമ്മയെയുംകൂട്ടി കൊടുവായൂര്‍ ഹൈസ്‌കൂളിനു സമീപത്തെ സഹോദരി താമസിക്കുന്ന വാടക വീട്ടിലേക്ക് മൂന്ന് വര്‍ഷം മുന്‍പ് താമസവും മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ച പലിശക്കാര്‍ അവിടെ പോയി മര്‍ദ്ദിച്ചിരുന്നുവെന്നും രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം. പുതുനഗരം പോലീസ് കേസെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.