പാലക്കാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പരിചരണം ഉറപ്പു വരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍
ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പരമാവധി പരിചരണം ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ചികിത്സയിലായിരുന്ന കേശവന്‍ (67) എന്ന രോഗി 2023 ഒക്‌ടോബര്‍ 30ന് ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയിലാണ് ഉത്തരവ്.
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് പരമാവധി പരിചരണം ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ചികിത്സയിലായിരുന്ന കേശവന്‍ (67) എന്ന രോഗി 2023 ഒക്‌ടോബര്‍ 30ന് ചികിത്സ കിട്ടാതെ മരിച്ചുവെന്ന പരാതിയിലാണ് ഉത്തരവ്. ജില്ലാ ആശുപത്രി സൂപ്രണ്ടില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
കൂട്ടിരിപ്പുകാരില്ലാതെ ആശുപത്രിയിലെത്തിയ രോഗി ചികിത്സ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഭക്ഷണം മാത്രം മതിയെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വയറുവേദനയാണെന്ന് പറഞ്ഞ രോഗിക്ക് മരുന്നും ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. പരിശോധനകള്‍ക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ രക്തം നല്‍കാനോ ലാബ് പരിശോധനകള്‍ക്ക് വിധേയനാകാനോ തയ്യാറായില്ല. എങ്കിലും ചികിത്സ തുടര്‍ന്നു.
ഒക്‌ടോബര്‍ 28,29 ദിവസങ്ങളില്‍ രോഗിയുടെ നില മെച്ചപ്പെട്ടു. എന്നാല്‍ ഒക്‌ടോബര്‍ 30ന് രോഗം വഷളാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. രോഗിയെ ആശുപത്രിയിലെത്തിച്ചവരോ പരാതി നല്‍കിയവരോ രോഗിയെ ശ്രദ്ധിക്കാനോ പരിചരിക്കാനോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനാഥാരായവരെ ചികിത്സിക്കാന്‍ ജില്ലാ ആശുപത്രിയില്‍ വാര്‍ഡും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നുവെന്നും ഇത് പൊളിച്ചുമാറ്റിയശേഷം ഇത്തരം സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നും പരാതിക്കാരനായ റഹീം ഒലവക്കോട് കമ്മിഷനെ അറിയിച്ചു. പരാതിവിഷയത്തില്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ച നടപടിയില്‍ അപാകതകളില്ലെന്നും ഉത്തരവില്‍ പറഞ്ഞു.