വഴിത്തര്‍ക്കം: സമാധാന ജീവിതം തകര്‍ക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍

വഴിത്തര്‍ക്കം സിവില്‍ കോടതി വഴി പരിഹരിക്കേണ്ടതാണെങ്കിലും മുതിര്‍ന്ന പൗരനും ഭാര്യക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
 

പാലക്കാട്: വഴിത്തര്‍ക്കം സിവില്‍ കോടതി വഴി പരിഹരിക്കേണ്ടതാണെങ്കിലും മുതിര്‍ന്ന പൗരനും ഭാര്യക്കും സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍. കുഴല്‍മന്ദം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. തച്ചങ്ങാട് പെരിങ്ങാട് വീട്ടില്‍ ജയകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

രണ്ട് വീട്ടുകാര്‍ താമസിക്കുന്ന സ്ഥലത്തുള്ള ഗേറ്റ് സംബന്ധിച്ചാണ് തര്‍ക്കം. പഞ്ചായത്ത് റോഡില്‍ നിന്ന് വസ്തുവിലേക്ക് പ്രവേശിക്കാനുള്ള സ്ഥലത്താണ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. അയല്‍ക്കാരന്‍ തങ്ങള്‍ക്കു കൂടി അവകാശപ്പെട്ട ഗേറ്റ് പൂട്ടി തങ്ങളുടെ സമാധാനം തകര്‍ക്കുന്നുവെന്നാണ് പരാതി. കുഴല്‍മന്ദം എസ്.എച്ച്.ഒയില്‍ നിന്നും കമ്മിഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ഗേറ്റ് വ്യത്യസ്ത സമയങ്ങളില്‍ പൂട്ടുന്നത് സംബന്ധിച്ചാണ് തര്‍ക്കം. പരാതി പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇരുകക്ഷികളും തയ്യാറായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ന്ന് കോടതിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്തുവിലേക്കുള്ള വഴിയിലൂടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തിലുള്ള തര്‍ക്കം മനുഷ്യാവകാശ കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്നതല്ലെങ്കിലും സ്വസ്ഥതയും സമാധാനവും തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.