മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു

 

പാലക്കാട് :  ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കുന്നതിനായാണ് ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്യാമ്പയിനിന് മുന്നോടിയായി 80 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ സമിതി രൂപീകരണം പൂര്‍ത്തിയായി. ബാക്കിയുള്ള ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 23നകം നിര്‍വഹണ സമിതികള്‍ രൂപീകരിക്കും.

ജൈവ ദ്രവ മാലിന്യങ്ങളുടെ കൃത്യമായ രീതിയിലുള്ള സംസ്‌കരണമാണ് ആറ് മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ടൗണുകളെ ശുചിത്വമുള്ളതാക്കുക, പൊതുസ്ഥലങ്ങള്‍ സൗന്ദര്യവല്‍ക്കരിക്കുക, വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കുക, ഓഫീസുകളെയും വിദ്യാലയങ്ങളെയും ഹരിത സ്ഥാപനങ്ങളും ഹരിത വിദ്യാലയങ്ങളുമാക്കുക, നീര്‍ച്ചാലുകള്‍ ശുചീകരിച്ച് വീണ്ടെടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കും.