കുടിവെള്ള പദ്ധതിക്കായി റോഡ് കുഴിച്ചു; ബസ് ഗതാഗതം നിലച്ചു

ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുഴലുകള്‍ സ്ഥാപിക്കാന്‍ റോഡില്‍ ചാലുകീറി. പോത്തുണ്ടി അണക്കെട്ട് മുതല്‍ പല്ലാവൂര്‍, എലവഞ്ചേരി ഭാഗങ്ങളിലേക്കുള്ള ഒരു മീറ്ററില്‍ ഏറെ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാനാണ് റോഡിന്റെ നടുവില്‍ ആഴത്തില്‍ കുഴിയെടുത്തത്.
 

പാലക്കാട്: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുഴലുകള്‍ സ്ഥാപിക്കാന്‍ റോഡില്‍ ചാലുകീറി. പോത്തുണ്ടി അണക്കെട്ട് മുതല്‍ പല്ലാവൂര്‍, എലവഞ്ചേരി ഭാഗങ്ങളിലേക്കുള്ള ഒരു മീറ്ററില്‍ ഏറെ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാനാണ് റോഡിന്റെ നടുവില്‍ ആഴത്തില്‍ കുഴിയെടുത്തത്. ഇതോടെ ദിവസവും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ആശ്രയിച്ചിരുന്ന നെന്മാറയില്‍ നിന്ന് നെല്ലിച്ചോട് ഭാഗത്തേക്കുള്ള മൂന്ന് ബസ് സര്‍വീസും നിലച്ചു.

കുഴിച്ച ഭാഗം ഉടന്‍ മൂടിയെങ്കിലും പഴയ രീതിയില്‍ ഗതാഗതം നടത്താന്‍ സൗകര്യപ്രദമായില്ല. പലയിടത്തും വാഹനം കുടുങ്ങിയതോടെ ഇപ്പോള്‍ ഓട്ടോറിക്ഷ പോലും വരുന്നില്ലെന്നാണ് അയ്യര്‍പ്പള്ളം, പോക്കാമട, ചേരുംകാട്, നെല്ലിച്ചോട് പ്രദേശത്തുള്ളവരുടെ പരാതി. അടുത്ത കാലം വരെ വിദ്യാര്‍ഥികളെ കൊണ്ടുപോകാനായി സ്‌കൂള്‍ ബസുകളും ഓട്ടോറിക്ഷകളും വന്നിരുന്നു. കഴിഞ്ഞ മഴയില്‍ റോഡില്‍ ചാലുകീറിയ ഭാഗത്ത് വാഹനങ്ങള്‍ താഴ്ന്നു തുടങ്ങിയതോടെയാണ് സ്‌കൂള്‍ ബസുകളും സര്‍വീസ് നിര്‍ത്തിയത്.

വാഹനങ്ങള്‍ സ്ഥിരമായി കേടുവരുന്നതിനാല്‍ ഇരട്ടി തുക നല്‍കിയാണ് അത്യാവശ്യം വാഹനങ്ങളും സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഓട്ടോറിക്ഷകളും വരുന്നത്. വാഹനഗതാഗതം നിലച്ചതോടെ റോഡിന്റെ ഇരുവശങ്ങളിലും പാഴ്‌ച്ചെടികളും പൊന്തക്കാടും നിറഞ്ഞ് കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ളവയുടെ താവളമായി റോഡ് മാറി. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ മുന്നോട്ടു പോയില്ല. 

റോഡ് പുനര്‍നിര്‍മ്മിക്കാനുള്ള തുക വാട്ടര്‍ അതോറിറ്റി പഞ്ചായത്തിന് മുന്‍കൂറായി രണ്ടുവര്‍ഷം മുമ്പ് തന്നെ നല്‍കിയിരുന്നതാണ്. റോഡ് പുനര്‍നിര്‍മാണത്തിന് നെന്മാറ പഞ്ചായത്ത് ഫണ്ട് അനുവദിക്കലും കരാര്‍ നടപടികളും പൂര്‍ത്തിയാക്കി ആറുമാസമായിട്ടും നെന്മാറ-നെല്ലിച്ചോട് റോഡിന്റെ ദുരിതം തീരാന്‍ നടപടിയായില്ല. 5.6 കോടി രൂപയുടെ കരാര്‍ നടന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പണി ആരംഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.