വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; മൂന്നുപേര്‍ അറസ്റ്റില്‍

വല്ലപ്പുഴയിലേക്ക് കടത്തുകയായിരുന്ന എണ്‍പതുകിലോയോളം തൂക്കംവരുന്ന കഞ്ചാവ് വാളയാറില്‍ പിടികൂടി.

 

പാലക്കാട്: വല്ലപ്പുഴയിലേക്ക് കടത്തുകയായിരുന്ന എണ്‍പതുകിലോയോളം തൂക്കംവരുന്ന കഞ്ചാവ് വാളയാറില്‍ പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്‌നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. രണ്ടുകാറുകളിലായാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

ഹുണ്ടായ് വെര്‍ണ കാറിന്റെ പിന്‍സീറ്റിനുള്ളില്‍ രഹസ്യഅറ ഉണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു സെലേറിയോ കാറാണ് കഞ്ചാവ് കടത്തിന് പൈലറ്റായി ഓടിയിരുന്നത്. കഞ്ചാവ് കൊണ്ടുവന്നത് ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.