നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നിർബന്ധം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധം. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധം. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്സ് മെസേജുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയിലൂടെ നൽകുന്ന പരസ്യങ്ങൾക്കു മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ഫോമിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് സർട്ടിഫിക്കേഷനായി അപേക്ഷ നൽകണം. പരസ്യം പ്രക്ഷേപിക്കാൻ നിശ്ചയിച്ച മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് അപേക്ഷയിൽ വ്യക്തമാക്കണം.
പോളിംഗ് ദിവസവും പോളിംഗിനു തൊട്ടു തലേ ദിവസവും അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്കും എം.സി.എം.സിയുടെ മുൻകൂർ അംഗീകാരം ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവുകൾ ബന്ധപ്പെട്ട സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
ജില്ലാ ഇൻഫർമേഷൻ ഓഫിസിലാണ് ജില്ലയിലെ 12 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകും.