നഴ്സിങ് പഠനത്തിന് കുട്ടികൾ പുറത്തുപോകുന്നത് ഒഴിവാക്കാൻ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകൾ ആരംഭിക്കും: മന്ത്രി കെ മുരളീധരൻ
നഴ്സിങ് പഠനത്തിന് കുട്ടികൾക്ക് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകൾ ആരംഭിക്കാനും നിലവിലെ കോളേജുകളിൽ സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ,
കൊല്ലം :നഴ്സിങ് പഠനത്തിന് കുട്ടികൾക്ക് പുറത്തുപോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്ത് പുതിയ നഴ്സിങ് കോളേജുകൾ ആരംഭിക്കാനും നിലവിലെ കോളേജുകളിൽ സീറ്റുകൾ വർധിപ്പിക്കാനും തീരുമാനിച്ചതായി ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം മന്ത്രി കെ മുരളീധരൻ. കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി സ്ഥാപിച്ച എം ആർ ഐ, റോട്ടെം മെഷീനുകളുടെ പ്രവർത്തനോദ്ഘാടനം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഹോസ്റ്റൽ സൗകര്യമില്ലാത്ത നഴ്സിങ് കോളേജുകളിൽ പുതിയ ഹോസ്റ്റലുകൾ ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഫാർമസിസ്റ്റുകളുടെയും ലാബ് ടെക്നീഷ്യന്മാരുടെയും ജോലി ഭാരം കുറക്കാൻ ഘട്ടംഘട്ടമായി അധിക തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ ആരോഗ്യ വകുപ്പിനെ ബാധിക്കില്ല എന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. സാധാരണക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ പരിഹരിച്ചു .
സൗജന്യ ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ശ്രമം. കേരളത്തിൽ ഏറ്റവും മികച്ച ചികിത്സ നൽകുന്നത് സർക്കാർ മെഡിക്കൽ കോളേജുകളിൽ തന്നെയാണെന്നും കഴിവുറ്റ ഡോക്ടർമാരും ജീവനക്കാരും ഏറെയുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ അധികാരമേറ്റ് രണ്ട് മാസത്തിനുള്ളിൽ നിപ്പ രോഗം കണ്ടെത്തിയപ്പോൾ പിന്നീട് ഒരാളിലേക്ക് പോലും രോഗം പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായി മെഡിക്കൽ കോളേജിനു വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും നല്ല കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജീവനക്കാരും ഉള്ളതിനാൽ അധികം വൈകാതെ കേരളത്തിലെ ഒന്നാം നമ്പർ മെഡിക്കൽ കോളേജായി മാറാൻ പാരിപ്പള്ളി മെഡിക്കൽ കോളേജിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി തകരാറിലായിരുന്ന മെഡിക്കൽ കോളേജിലെ ശീതീകരണ സംവിധാനം മൂന്ന് ദിവസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബി ബി ഗോപകുമാർ എം എൽ എ അധ്യക്ഷനായി. പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പാക്കുന്നയാളാണ് നിലവിലെ ആരോഗ്യ മന്ത്രിയെന്നും പാരിപ്പള്ളി മെഡിക്കൽ കോളജിന് സർക്കാരിന്റെ മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു. ഐസിയു യൂണിറ്റ്, ഹൈമാസ്റ്റ് ലൈറ്റ്, സർജിക്കൽ ലൈറ്റ് എന്നിവ സ്ഥാപിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിനെ ആധുനിക ചികിത്സ സൗകര്യങ്ങളുള്ള മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് എം ആർ ഐ സ്കാനിങ് യൂണിറ്റ്, റോട്ടം മെഷീൻ എന്നിവ പ്രവർത്തനസജ്ജമാക്കിയത്. 15 കോടി രൂപ മുടക്കിയാണ് എംആർഐ സ്കാൻ സ്ഥാപിച്ചത്. 15 ലക്ഷം രൂപ മുടക്കി മെഡിക്കൽ കോളേജിലെ രക്തബാങ്കിൽ പുതുതായി സ്ഥാപിച്ച റെട്ടേഷനൽ ത്രോംബോ ഇലാസ്റ്റോമെട്രി മെഷീൻ കേരളത്തിൽ സർക്കാർ തലത്തിൽ രണ്ടാമത്തേതാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമാണ് നിലവിൽ ഈ മെഷീനുള്ളത്
മെഡിക്കൽ കോളേജിലെ ഡയഗ്നോസ്റ്റിക് ബ്ലോക്കിൽ വെച്ച് മന്ത്രി മെഷീനുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതാദേവി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, പ്രിൻസിപ്പൽ ഡോ. പി എസ് ഇന്ദു, ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ബിനു, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ എസ് ആശ, സ്റ്റേറ്റ് ചീഫ് ലെയ്സൺ ഓഫീസർ ഡോ. പി എസ് ഷാജഹാൻ, ഡോ. എൽവിൻ ജോസ്, ഡോ. ഡി റ്റി ദൃശ്യ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സുശീല ദേവി, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് വിജയൻ, ആശുപത്രി വികസന സമിതി അംഗങ്ങളായആർ എസ് അബിൻ, ഗീത കൃഷ്ണൻ, ശാലു വി ദാസ്, പ്രതീഷ് കുമാർ, അഡ്വ. ലതാ മോഹൻ, വിനു മംഗലത്ത്, അനിതകുമാരി, കെ എസ് ബിനു, എസ് സുദീപ്, ഡോ. റീബ ജോർജ് എന്നിവർ പങ്കെടുത്തു.