സാംസ്‌കാരികോത്സവങ്ങള്‍ സ്‌നേഹത്തിന്റെ മഹോത്സങ്ങളാവണം ; കവി സി.എം.വിനയചന്ദ്രന്‍

 

വടക്കിന്റെ സാംസ്‌കാരിക വൈവിധ്യത്തെ, മനുഷ്യസ്‌നേഹ പാരമ്പര്യങ്ങളെ വിളംബരം ചെയ്യുന്ന ഈ സാംസ്‌കാരികോത്സവം മാനവികതയുടെ മഹോത്സവമാണെന്ന് കവി സി.എം.വിനയചന്ദ്രന്‍. ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മുറിവുണക്കാനും നാടിന്റെ ജനാധിപത്യ - മതേതര - ബഹുസ്വര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും ഇത്തരം മനുഷ്യ മഹാസംഗമങ്ങള്‍ സഹായകരമാവുമെന്നും കലയുടെ ശക്തിയുപയോഗിച്ച് മനുഷ്യത്വത്തിന്റെ കൊടിമരം ഉയര്‍ത്തിപ്പിടിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ കവി സി.എം.വിനയചന്ദ്രന് ഉപഹാരം നല്‍കി. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. പ്രചരണ സബ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഇ.എ.ബക്കര്‍ സ്വാഗതവും ഗേറ്റ് ആന്റ് കൗണ്ടര്‍ സബ് കമ്മിറ്റി ചെയര്‍മാന്‍ വി.വി.സുകുമാരന്‍ നന്ദിയും പറഞ്ഞു.ഫെസ്റ്റിന്റെ അഞ്ചാം നാള്‍ പത്മശ്രീ ശോഭന നൃത്തച്ചുവടുകള്‍ക്ക് ബേക്കലിന്റെ സായാഹ്നം സാക്ഷ്യം വഹിച്ചു. നിരവധിയാളുകളാണ് നൃത്തവിരുന്ന് ആസ്വദിക്കാന്‍ ബേക്കലിലെത്തിയത്.