മടിക്കൈ പഞ്ചായത്ത് നവകേരള മിഷന്‍ യോഗം ചേര്‍ന്നു

 

        
മടിക്കൈ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നവകേരള മിഷന്‍ യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍ കെ.കെ.രാഘവന്‍ നവകേരളം കര്‍മ്മ പദ്ധതിയെക്കുറിച്ചും ഹരിത കേരള മിഷന്‍ പ്രവര്‍ത്തനങ്ങളായ പച്ചത്തുരുത്ത്, ഇനി ഞാന്‍ ഒഴുകട്ടെ, വലിച്ചെറിയല്‍ വിമുക്ത ജില്ല ക്യാമ്പെയിന്‍ എന്നിവയെക്കുറിച്ചും വിവരിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, ലൈഫ്, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, തുടങ്ങിയവയുടെ നിര്‍മ്മാണ പുരോഗതി ഹരിതകര്‍മ്മ സേനപ്രവര്‍ത്തനങ്ങള്‍, നീരുറവ പ്രവര്‍ത്തനങ്ങള്‍, വിദ്യാ കിരണം പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ രംഗത്തെ പുരോഗതി, എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പസിഡന്റ്് വി.പ്രകാശന്‍ സ്വാഗതവും സെക്രട്ടറി ദിനേശന്‍ പാറയില്‍ നന്ദിയും പറഞ്ഞു.

മടിക്കൈയിലെ എല്ലാപുഴകളും മാലിന്യമുക്തമാക്കാനും വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണം മികച്ചതാക്കാനും ജൂണ്‍ മാസത്തോടെ പച്ചത്തുരുത്തുകള്‍ക്കെല്ലാം തൊഴിലുറപ്പിലൂടെ ബോര്‍ഡുകളും ജൈവ വേലികളും സ്ഥാപിക്കാനും ഹരിത കര്‍മ്മസേനയുടെ വാതില്‍പ്പടി സേവനം മെച്ചപ്പെടുത്താനും നീര്‍ത്തട ഗ്രാമസഭ പൂര്‍ത്തിയാക്കി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും യോഗം തീരുമാനിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ പഞ്ചായത്തായി മാറ്റാന്‍ പ്രോജക്ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി.