ഉള്‍പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി കെ. രാധാകൃഷ്ണന്‍

​​​​​​​

 

പാലക്കാട് :  ആദിവാസി മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കവിഭാഗ ക്ഷേമ-ദേവസ്വം-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ്. സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് 2020-21 വര്‍ഷത്തെ വാര്‍ഷിക ഫണ്ടില്‍ ഉള്‍പ്പെടുത്തി വണ്ടാഴി ഗ്രാമപഞ്ചായത്ത് തളികക്കല്ല് ഊരില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ്, പാലം, വീടുകള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് കാലത്ത് കുട്ടികളുടെ പഠനം തുടരാന്‍ സാങ്കേതിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. കണക്ടിവിറ്റി പ്രശ്‌നം നേരിട്ട സംസ്ഥാനത്തെ 1286-ഓളം ആദിവാസി മേഖലകളില്‍ പ്രാധാന്യം നല്‍കി 1030-ഓളം പ്രദേശങ്ങളില്‍ കണക്ടിവിറ്റി ഉറപ്പാക്കി. അവശേഷിക്കുന്ന ഇരുന്നൂറോളം പ്രദേശങ്ങളില്‍ കൂടി ഉറപ്പാക്കിയാല്‍ ഇന്ത്യയിലാദ്യമായി ആദിവാസി മേഖലയില്‍ പൂര്‍ണമായും കണക്ടിവിറ്റി ഉറപ്പാക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.യാത്രാ സൗകര്യത്തിന് മികച്ച റോഡുകള്‍, വിദ്യാഭ്യാസം, ഉത്പാദനം, ആരോഗ്യ മേഖലകളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കി അവരെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നു. ഭാവിയില്‍ ഉന്നത വിദ്യാഭ്യാസം നേടാത്ത കുട്ടികള്‍ ഉണ്ടാവരുത്. ഇതിന് പ്രമോട്ടര്‍മാര്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പേരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ ഉള്‍പ്പെടെ എത്തിക്കുകയാണ്. 

ആദിവാസി മേഖലയിലെ ജനങ്ങളെ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വളര്‍ച്ചക്കും ഉന്നമനത്തിനും സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തോടെ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശശികല, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് സെയ്താലി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബിത മുരളീധരന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം ബീന ഷാജി, പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഊരുമൂപ്പന്‍ എസ്. നാരായണന്‍, നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പി അനീഷ്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ.എ സാദിക്കലി, ജില്ലാ നിര്‍മ്മിതി കേന്ദ്രം സീനിയര്‍ പ്രൊജക്ട് എന്‍ജിനീയര്‍ എസ്. ബിന്ദു, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എന്‍ജിനീയര്‍ എം. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.