തൃശൂര്‍ ആറാംകല്ലില്‍ ഒരാഴ്ചയോളം പഴക്കമുള്ള ആട്ടിറച്ചി പിടികൂടി

 

തൃശൂര്‍ : മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയോരത്ത് ആറാംകല്ലില്‍ അനധികൃതമായി നടത്തിവന്നിരുന്ന കോള്‍ഡ് സ്റ്റോറേജില്‍നിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ആട്ടിറച്ചി പിടികൂടി. എറണാകുളം സ്വദേശി സനല്‍ ജോര്‍ജ് അനധികൃതമായിട്ടാണ് കോള്‍ഡ് സ്റ്റോറേജ് നടത്തിയിരുന്നത്.

ഒരാഴ്ചയോളം പഴക്കംചെന്ന 50 കിലോ ആട്ടിറച്ചിയാണ് ഇവിടെനിന്നും ആരോഗ്യപ്രവര്‍ത്തകര്‍ പിടികൂടിയത്. വിവാഹ ആവശ്യത്തിന് കൊടുക്കുന്നതിനു വേണ്ടി പാലക്കാട് നിന്നുമാണ് ആട്ടിറച്ചി കൊണ്ടുവന്ന് സൂക്ഷിച്ചതെന്ന് ഉടമ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചു. ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.കെ. രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി. സുധീര്‍, റെജി വി. മാത്യു, പി.എം. ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇറച്ചി പിടികൂടിയത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഇറച്ചി ഫിനോയില്‍ ഒഴിച്ച് നശിപ്പിച്ചതിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷനിലെ ആരോഗ്യ വിഭാഗത്തിന് സംസ്‌കരിക്കുന്നതിനായി കൈമാറി.ആരോഗ്യവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. 

കേരള പബ്ലിക് ഹെല്‍ത്ത് ഓഡിനന്‍സ് സെക്ഷന്‍ 29 അനുസരിച്ചാണ് നിയമ നടപടികല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. കോള്‍ഡേജ് സ്റ്റോറിന്റെ ലൈസന്‍സിനായി ഉടമ അപേക്ഷിച്ചിരുന്നെങ്കിലും വേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ട് ലൈസന്‍സ് കിട്ടിയിരുന്നില്ല.