കളർ കോഡിൽ മാറ്റങ്ങൾ വരുത്തി സർവീസ് നടത്തി; ഇരിട്ടി മേഖലയിലെ പത്തോളം ബസ്സുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പധികൃതർ നടപടി
പൊതുഗതാഗതരംഗത്ത് അനാവശ്യമായ കിടമൽസരങ്ങൾ നടക്കുന്നതും അത് നിരപരാധികളായ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണി തീർക്കുന്നതുമായ സംഭവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലും സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സ്വകാര്യ ബസ്സുകളുടെ കളർ കോഡിൽ മാറ്റങ്ങൾ വരുത്തിയും സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി ആരംഭിച്ചത്.
ഇരിട്ടി: സർക്കാർ നിർദ്ദേശിച്ച സ്വകാര്യ ബസ്സുകളുടെ കളർ കോഡിൽ മാറ്റങ്ങൾ വരുത്തി സർവീസ് നടത്തിയ സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി സ്വീകരിച്ചു. പത്തോളം ബസ്സുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പാണ് നടപടി സ്വീകരിച്ചത്. പൊതുഗതാഗതരംഗത്ത് അനാവശ്യമായ കിടമൽസരങ്ങൾ നടക്കുന്നതും അത് നിരപരാധികളായ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണി തീർക്കുന്നതുമായ സംഭവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലും സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സ്വകാര്യ ബസ്സുകളുടെ കളർ കോഡിൽ മാറ്റങ്ങൾ വരുത്തിയും സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി ആരംഭിച്ചത്.
സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് അടിസ്ഥാനത്തിൽ കളർ കോഡുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കളർ കോഡുകളിലുള്ള കളറുകളിൽ മാറ്റം വരുത്തിയും വിവിധ തരത്തിലുള്ള സ്റ്റിക്കറുകൾ പതിപ്പിച്ചും സർവീസ് നടത്തിയ സ്വകാര്യ ബസ്സുകളെ കണ്ടെത്തി നടപടിയെടുക്കുവാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അതത് പ്രദേശത്തെ ആർടിഒ, ജോയിന്റ് ആർടി യോ മാർക്ക് നിർദ്ദേശം നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെയും സ്വകാര്യ ബസുകളിൽ പരിശോധന ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 500 രൂപ ഫൈനും ഒരാഴ്ചക്കുള്ളിൽ ശരിയായ വിധത്തിലാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുവാനും, അല്ലാത്തപക്ഷം കൂടുതൽ ഫൈൻ ഈടാക്കാനും അതോടൊപ്പം തന്നെ പെർമിറ്റ് അടക്കമുള്ളവ റദ്ദ് ചെയ്യാനുമുള്ള നടപടികളാണ് ഉണ്ടാവുക എന്ന് ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. രാജീവൻ പറഞ്ഞു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കും.