അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള അഭയകേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് എല്ലാ ജില്ലകളിലും സ്വന്തം കെട്ടിടം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

 

കാസർഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തില്‍ പൊതുബോധം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കാസര്‍കോട് അണങ്കൂരില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഓണ്‍ലൈനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിചരണവും നല്‍കുന്നതിനുള്ള സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍  അഭയ കേന്ദ്രമാണ്. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് സംസ്ഥാനത്തെ 14 ജില്ലകളിലും സ്വന്തമായി കെട്ടിടം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ അതിജീവിച്ച വര്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, ഒറ്റപ്പെടുന്നവര്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനം എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്നതിനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഖി സെന്റര്‍ ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഇതുവരെ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ വഴി 580 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 336 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. 14 പോക്‌സോ കേസുകളാണ്. 50 കേസുകളില്‍ പോലീസ് സഹായം ലഭ്യമാക്കി. 27 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 46 പേര്‍ക്ക് നിയമസഹായം നല്‍കി. 19 പേര്‍ക്ക് മെഡിക്കല്‍ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അണങ്കൂരില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടന ശിലാഫലകം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് റൂം കാസര്‍കോട് വികസനപാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ജില്ലാ നിര്‍മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യാതിഥിയായി. വനിതാ ശിശുവികസനവകുപ്പ് ഡയറക്ടര്‍ ജി.പ്രിയങ്ക ഓണ്‍ലൈനില്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എം.മല്ലിക, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ സി.സുധ, സ്റ്റേറ്റ് നിര്‍ഭയ സെല്‍ പ്രോഗ്രാം ഓഫീസര്‍ എം.പ്രഭ, കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ വി.എസ്.ഷിംന സ്വാഗതവും വനിതാ സംരക്ഷണ ഓഫീസര്‍ പി.ജ്യോതി നന്ദിയും പറഞ്ഞു.  ജില്ലാ സപ്ലൈ ഓഫീസര്‍ ഷൈജുമോന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അനസ,് വനിതാ ശിശു വികസന വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.