കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി സണ്ണി ജോസഫ്

കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണാൻ സർക്കാർ  പ്രതിജ്ഞാബദ്ധമായി പ്രയത്നിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ആറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാതല കർഷകദിനാചരണം ഉദ്ഘാടനം ചെയ്ത്

 

കണ്ണൂർ  : കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണാൻ സർക്കാർ  പ്രതിജ്ഞാബദ്ധമായി പ്രയത്നിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ആറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാതല കർഷകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കാർഷിക മേഖലയിൽ പൊന്നുവിളയിക്കുന്നവരുടെ നാടാണ് കേരളം. കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിസന്ധികളെയും മറികടന്ന് കാർഷിക മേഖല മുന്നേറുകയാണ്. നാടിന്റെ നട്ടെല്ലാണ് കർഷകർ. നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പാലും മുട്ടയുമെല്ലാം ഉത്പാദിക്കപ്പെടുന്നത് അനേകം കർഷകരുടെ കഠിനാധ്വാനത്തിലൂടെയാണ്. 

കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശ സ്വയംഭരണ  വകുപ്പ് തുടങ്ങിയവയെല്ലാം കൂട്ടായ പരിശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.ഒട്ടേറെ മാതൃകാ കർഷകരും നമുക്കിടയിലുണ്ട്. ഇനിയും നമ്മുടെ കാർഷികരംഗം മുന്നേറണം. കൃഷിവകുപ്പ് ഇതിനായി നൂതന പദ്ധതികൾക്ക് തുടക്കമിടുകയാണ്. കൃഷി ലക്ഷ്യം വെച്ചാണ് മലയോര മേഖലയിലേക്ക് നിരവധി കർഷകർ കുടിയേറി പാർത്തത്. ഇവർക്കെല്ലാം കൃഷി ചെയ്തു കഴിയാൻ അനുകൂലമായ സാഹചര്യം ഉറപ്പാക്കും. ആറളം ഫാം പോലുള്ള കേന്ദ്രങ്ങൾ കാർഷിക മേഖലയക്ക് പുത്തനുണർവ്വ് നൽകുന്നു. കാർഷിക രംഗത്തെ സക്രിയമാക്കുന്ന കർഷകരെല്ലാം കർഷക ദിനത്തിൽ ആദരിക്കപ്പെടുകയാണ്. കുട്ടികർഷകർ, വനിതാ കർഷകർ എന്നിങ്ങനെ ഓരോ വിഭാഗത്തിലുള്ളവരും ഈ നാടിന്റെ നന്മകളെ അടയാളപ്പെടുത്തുന്നതായും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജയ് കിസാൻ അഭിവാദ്യത്തോടെയാണ് മന്ത്രി സണ്ണി ജോസഫ് കർഷകരെ വരവേറ്റത്.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ അദ്ധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സീമ സഹദേവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ടി.സന്ധ്യ, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പഞ്ചായത്തംഗങ്ങളായ റൈഹാനത്ത് സുബി, രജിത മാവില, ജോർജ്ജ് ആലംപള്ളി,  കെ.വേലായുധൻ, ടി.പി.മാർഗരറ്റ്,  ആശ കാപ്പുങ്കൽ, കെ.ഷഹീർ, ആറളം കൃഷി ഓഫീസർ ടി.ആർ.രാഹുൽ തുടങ്ങിയവർ സംസാരിച്ചു. കൃഷിയിലെ നവീന രീതികളും സാങ്കേതിക വിദ്യകളും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കർഷകോത്തമ മുൻ അവാർഡ് ജേതാവ് പി.വി.അനീഷ് ക്ലാസ്സെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ടി.രാമചന്ദ്രൻ, കൃഷി അസിസ്റ്റന്റ് എസ്.ആർ.സൂരജ് എന്നിവർ സംസാരിച്ചു.