കാസർ​ഗോട്  ജില്ലയുടെ സമഗ്ര വികസനത്തിന് ആഴത്തിലുള്ള ചർച്ചകൾക്ക് അവസരമൊരുക്കും : മന്ത്രി കെ.എം ഷാജി

കൃത്യമായ ആസൂത്രണത്തിലൂടെ നാടിനെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് സർക്കാർ നിർവഹിക്കുന്നതെന്ന് മന്ത്രി കെ.എം ഷാജി. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ ചേർന്ന ജില്ലാതല ആശയ-അഭിപ്രായ രൂപീകരണ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കാസർ​ഗോട് : കൃത്യമായ ആസൂത്രണത്തിലൂടെ നാടിനെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് സർക്കാർ നിർവഹിക്കുന്നതെന്ന് മന്ത്രി കെ.എം ഷാജി. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ബേക്കൽ ബീച്ച് പാർക്കിൽ ചേർന്ന ജില്ലാതല ആശയ-അഭിപ്രായ രൂപീകരണ യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ കേരളത്തെ നഗരസംസ്ഥാനമായാണ് പരിഗണിക്കുന്നത്. കേന്ദ്ര വിഹിതത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതികൾ ചെലവഴിക്കുമ്പോൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മാതൃകപരമായ പദ്ധതികൾക്ക് പ്രാധാന്യം നൽകണം. എൻഡോസൾഫാൻ ദുരിത ബാധിതർ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സമഗ്രമായ പദ്ധതികൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നിരവധി മേഖലകളിൽ പുരോഗതി കൈവരിച്ചിട്ടും മാലിന്യ സംസ്‌കരണം ഉൾപ്പടെയുള്ള മേഖലകളിൽ മാതൃകാ പദ്ധതികൾ ഇല്ല. ഇത്തരം മാതൃകാ പദ്ധതികൾ തയാറാക്കുന്നതിന് നിർദ്ദേശങ്ങൾ വേണം. ആശയ, അഭിപ്രായ രൂപീകരണ യോഗത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ സമഗ്ര വികസനത്തിന് ആഴത്തിലുള്ള ചർച്ചകൾക്ക് അവസരമൊരുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ സമഗ്രമല്ല. 

നിലവിൽ അംഗങ്ങൾക്കിടയിൽ പദ്ധതി വിഹിതം വീതം വെക്കുകയാണ്. ഇത് അഞ്ചു വർഷത്തേക്കുള്ള പദ്ധതികളായി മാറണം. നല്ല പദ്ധതികൾക്ക് രൂപം നൽകണമെന്നും മന്ത്രി പറഞ്ഞു.കെ. നീലകണ്ഠൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം ചന്ദ്രശേഖർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി. എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, കല്ലട്ര മാഹിൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ സാബു അബ്രഹാം, മുൻ പഞ്ചായത്ത്-പൊതുമരാമത്ത് മന്ത്രി സി.ടി. അഹമ്മദലി, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് എന്നിവർ സംസാരിച്ചു.
രാവിലെ 11.30  മുതൽ ഉച്ചയ്ക്ക്1.30 വരെ നടന്ന ആദ്യ സെഷനിൽ ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും ആശയ-അഭിപ്രായ രൂപീകരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. സെഷൻ രണ്ടിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ യോഗത്തിൽ ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, വിഷയ മേഖലയിലെ വിദഗ്ധർ, ഗവേഷകർ, സംരംഭകർ, സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.