‘അപകടരഹിത തൊഴിലിടം’ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം 13ന് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടപ്പിലാക്കുന്ന ‘അപകടരഹിത തൊഴിലിടം: വ്യവസായശാലകളിൽ തത്സമയ പരിശോധനയും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനവും ആരംഭിക്കൽ

 

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നടപ്പിലാക്കുന്ന ‘അപകടരഹിത തൊഴിലിടം: വ്യവസായശാലകളിൽ തത്സമയ പരിശോധനയും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനവും ആരംഭിക്കൽ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 13 ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മേയർ വി വി രാജേഷ്, വകുപ്പ് ഉദ്യോഗസ്ഥർ, വ്യവസായ മേഖലയിലെ പ്രതിനിധികൾ, തൊഴിലുടമകൾ, തൊഴിലാളി സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

വ്യവസായശാലകളിലെ തൊഴിൽ സുരക്ഷ ശക്തിപ്പെടുത്തുക, തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറയ്ക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വ്യവസായശാലകളിൽ തത്സമയ സുരക്ഷാ പരിശോധനകൾ സംഘടിപ്പിക്കുകയും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രത്യേക സുരക്ഷാ ജാഗ്രതാ പരിശീലനം നൽകുകയും ചെയ്യും. സുരക്ഷാ ബോധവൽക്കരണത്തിനായി മലയാളം, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ ലഘുലേഖകൾ വിതരണം ചെയ്യും. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ വ്യവസായ മേഖലയിൽ സുരക്ഷാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിലിടങ്ങളെ കൂടുതൽ സുരക്ഷിതമാക്കുന്നതിനും പദ്ധതി സഹായകമാകും.