തൊഴിലാളി താത്പര്യങ്ങൾ സംരക്ഷിച്ച് ലേബർ കോഡ് നടപ്പിലാക്കും: മന്ത്രി ബിന്ദു കൃഷ്ണ

തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പിലാക്കുകയെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
 

തൊഴിലാളികളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിച്ചുകൊണ്ടായിരിക്കും സംസ്ഥാനത്ത് ലേബർ കോഡുകൾ നടപ്പിലാക്കുകയെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ലേബർ കോഡുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയൻ പ്രതിനിധികളുമായും മറ്റ് ബന്ധപ്പെട്ട കക്ഷികളുമായും നടത്തിയ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കരട് റിപ്പോർട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.

ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്നതിനാവശ്യമായ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഒക്ടോബർ 22-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. ലേബർ കമ്മിഷണർ കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും വിവിധ ട്രേഡ് യൂണിയനുകളുടെ ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും അംഗങ്ങളായ സമിതി പത്ത് ദിവസം നീണ്ട വിശദമായ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് കരട് റിപ്പോർട്ട് തയ്യാറാക്കി തൊഴിൽ മന്ത്രിക്ക് സമർപ്പിച്ചത്. മന്ത്രി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ, വേതനം, ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.