ദേശീയപാത നിർമ്മാണം; കണ്ണൂർ തളിപ്പറമ്പ് സി.എച്ച് നഗറിലെ ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്ന് നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്

ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കുപ്പം സി.എച്ച് നഗറിലെയും കപ്പണത്തട്ട്, കണികുന്ന് എന്നിവിടങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾക്ക് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിയമസഭയെ അറിയിച്ചു. തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. 

 

തളിപ്പറമ്പ്: ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കുപ്പം സി.എച്ച് നഗറിലെയും കപ്പണത്തട്ട്, കണികുന്ന് എന്നിവിടങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾക്ക് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിയമസഭയെ അറിയിച്ചു. തളിപ്പറമ്പ് എം.എൽ.എ ടി.കെ ഗോവിന്ദൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. 

ദേശീയപാത വികസനത്തിനായി കുന്നിടിച്ച് മണ്ണെടുത്ത ഭാഗങ്ങളിൽ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് ഈ മേഖലയിൽ വലിയ ഭീതിയാണ് ഉയർത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ വൻതോതിൽ മണ്ണിടിച്ചിലുണ്ടാവുകയും നിർമ്മിച്ച സംരക്ഷണ ഭിത്തികൾ തകരുകയും ചെയ്തിരുന്നു. ഇത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും പുറമെ നിരവധി വീടുകൾക്കും വലിയ ഭീഷണിയായി മാറി. കുന്നിൻചരിവുകളിൽ നിന്ന് കുത്തിയൊലിച്ചുവരുന്ന ചെളിയും മണ്ണും താഴെയുള്ള ജനവാസ മേഖലകളിലേക്കാണ് എത്തുന്നത്. 

സി.എച്ച്. നഗറിലെ നാൽപ്പതിലേറെ കുടുംബങ്ങളുടെ വീട്ടുമുറ്റങ്ങളിലും വഴികളിലും ചെളി അടിഞ്ഞുകൂടി യാത്ര പോലും അസാധ്യമായ അവസ്ഥയാണ് ഉണ്ടായത്. പല വീടുകളുടെയും ഉള്ളിലേക്ക് വരെ ഈ ചെളിവെള്ളം കയറുന്നുണ്ട്.ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ വ്യാപകമായി മലിനമായതാണ്. എം.എൽ.എയും ജില്ലാ ഭരണകൂടവും ഇടപെട്ട് നിർമ്മാണ കരാറുകാരായ മേഘ കൺസ്‌ട്രക്ഷൻസിനോട് കുടിവെള്ളം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് കാര്യക്ഷമമായി നടന്നില്ല. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും അറുതിയില്ലാതെ നീണ്ടു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ടി.കെ ഗോവിന്ദൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്.

പ്രദേശത്ത് സമഗ്രമായ ഡ്രൈനേജ് സംവിധാനം നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ വ്യക്തമാക്കി. നിലവിൽ ഓവുചാലുകൾ വൃത്തിയാക്കാൻ തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും വിന്യസിച്ചിട്ടുണ്ടെന്നും മൺസൂൺ റെസ്പോൺസ് ടീം കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതിനുപുറമെ, ദേശീയപാതാ അധികൃതരെയും ജില്ലാ ഭരണകൂടത്തെയും എം.എൽ.എയെയും ഉൾപ്പെടുത്തി അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്നും ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പുനൽകി. മന്ത്രിയുടെ ഈ അടിയന്തര ഇടപെടലും പ്രഖ്യാപനവും വന്നതോടെ തങ്ങളുടെ യാത്രാദുരിതത്തിനും കുടിവെള്ള പ്രശ്നത്തിനും ഭീതിക്കും ഉടൻ അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കുപ്പം, കണികുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങൾ.