മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും : മന്ത്രി സണ്ണി ജോസഫ്
മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
മലപ്പുറം: മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിനായി 411 കോടിയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്ത് പകൽ ഉൽപാദിപ്പിക്കുന്ന മിച്ചം വരുന്ന വൈദ്യുതി സംഭരിക്കാൻ സംവിധാനമില്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിന്റെ പ്രധാന കാരണം. ഡാമുകളിൽ ആവശ്യത്തിന് ജലമില്ല. രാത്രി പൈദ്യുതി ഉപഭോഗം കൂടുന്നത് കൊണ്ട് കൂടിയ നിരക്ക് നൽകിയാണ് വൈദ്യതി വാങ്ങുന്നത്. ഇതിന് ശാശ്വത പരിഹാരം കാണും. മലപ്പുറം ജില്ല നേരിടുന്ന വൈദ്യുതി പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മലപ്പുറം ആസൂത്രണ ഭവനിൽ ചേർന്ന എം. എൽ. എ മാരുടെയും ഉന്നത ഉദ്യോഗസ്തരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനും ഒരോ മണ്ഡലത്തിലേയും പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമാണ് മന്ത്രി നേരിട്ട് യോഗം വിളിച്ചത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിലവിലുള്ള വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ സബ്സ്റ്റേഷനുകളുടെ നിർമാണം വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. തകരാറിലായതും ശേഷി കുറഞ്ഞതുമായ ട്രാൻസ്‌ഫോർമറുകൾ മാറ്റിസ്ഥാപിക്കാനും കൂടുതൽ പുതിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കാനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഓരോ നിയോജക മണ്ഡലത്തിലെയും തദ്ദേശീയമായ വൈദ്യുതി പ്രശ്‌നങ്ങൾ കൃത്യമായി പരിഹരിക്കുന്നതിനുമായി എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരാനും മന്ത്രി നിർദ്ദേശം നൽകി. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. ഉപഭോക്താക്കളുടെ പരാതികളിൽ ഉടനടി നടപടിയെടുക്കും. വരും വർഷങ്ങളിലെ ഉയർന്ന ഉപഭോഗം മുന്നിൽക്കണ്ട് ഉൽപാദന പ്രസരണ ശൃംഖല ശക്തമാക്കുമെന്നും അനാവശ്യമായ പവർകട്ടുകൾ ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ള എല്ലാ കാലതാമസങ്ങളും ഒഴിവാക്കി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി അപകടങ്ങളിൽ പൊതു ജനങ്ങളും വൈദ്യുതി ജീവനക്കാരും മരിക്കാനിടയാവുന്ന സാഹചര്യം ഒഴിവാക്കും. ഇതിനായി ബോധവൽകരണം നടത്തും.
വൈദ്യുതി വകുപ്പിന്റെ ഓഫീസുകൾ ജന സൗഹ്യദമാക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. വെങ്ങാനൂർ സബ് സ്റ്റഷൻ കമ്മീഷൻ ചെയ്യണമെന്നും ഈ ലൈൻ 220 കെ.വി യാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. വൈരങ്കോടിന് സമീപമുള്ള പഞ്ചായത്തുകളിലും തിരൂർ നഗരത്തിലും യു.ജി കേബിൾ ഉപയോഗിക്കണമെന്നും എം.എൽ. എ ആവശ്യപ്പെട്ടു. കുറ്റിപ്പുറത്ത് 33 കെ.വി സബ് സ്റ്റേഷൻ സ്ഥാപിക്കണം. മലപ്പുറം പാക്കേജ് നടപ്പാക്കാൻ മെറ്റീരിയൽ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കണം. കോട്ടക്കൽ നഗരസഭ സൗജന്യമായി സ്ഥലം നൽകിയിട്ടുംസബ്‌സ്റ്റേഷൻ യാഥാർത്ഥ്യമായില്ല. ഈ സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിക്കണമെന്നും ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആവശ്യപ്പെട്ടു.
വെന്നിയൂർ സബ്‌സ്റ്റേഷൻ 110 കെവിയാക്കി ഉയർത്തണമെന്നും തിരൂരങ്ങാടി പരപ്പനങ്ങാടി സബ്‌സ്റ്റേഷനുകൾ വിഭജിക്കണമെന്ന് പി എം എ സമീർ എം.എൽ.എ ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുതി മേഖലയിലെ വികസനത്തിന് തടസ്സം ആവശ്യമായ മെറ്റീരിയൽ ലഭിക്കാത്തതാണ്. കൊണ്ടോട്ടിയിൽ അടിയന്തിരമായി സബ്സ്റ്റേഷൻ നിർമ്മിക്കണമെന്നും ടി.വി ഇബ്രാഹിം എൽ.എ ആവശ്യപ്പെട്ടു. ചീക്കോട് കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊണ്ടോട്ടി എം.എൽ.എ ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. താനൂർ സബ് സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കണമെന്നും റോഡുകളിൽ തടസ്സമായി നിൽക്കുന്ന പോസറ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും താനൂർ എം.എൽ.എ പി.കെ നവാസ് ആവശ്യപ്പെട്ടു. ആഡ്യൻപാറ ജല വൈദ്യുതി പദ്ധതി നവീകരിക്കുന്നതോടൊപ്പം ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം. കേരളാംകുണ്ട് വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി വൈദ്യുതി ഉദ്പാദന സാധ്യത പരിശോധിക്കണമെന്ന് വി.എസ്. ജോയി എം.എൽ.എ ആവശ്യപ്പെട്ടു. മക്കരപ്പറമ്പ്, ആനക്കയം പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്ന് മഞളാംകുഴി അലി എം.എൽ.എ ആവശ്യപ്പെട്ടു.
അബ്ദുസമദ് സമദാനി എംപി, എം.എൽ.എമാരായ ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ, പി എം എ സമീർ, വി.എസ് ജോയ്, പി. കെ നവാസ്, മഞ്ഞളാംകുഴി അലി, ടി.പി അഷ്‌റഫലി, ടിവി ഇബ്രാഹിം, ജില്ലാ കളക്ടർ വിനയ് ഗോയൽ, എ.ഡി.എം സാദിഖ് പി.ഒ, ശിവദാസ് എസ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ, മായ തമ്പാൻ ചീഫ് എൻജിനീയർ ഡിസ്ട്രിബ്യൂഷൻ നോർത്ത് കോഴിക്കോട,്ഷാജി സുധാകരന ചീഫ് എൻജിനീയർ, ട്രാൻസ്മിഷൻ നോർത്ത് കോഴിക്കോട്, കെ.എസ്.ഇ.ബി ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു