'ജനസാക്ഷ്യം' അദാലത്ത് ജനകീയ ഇടപെടലിന്റെ വേദിയാവണം: മന്ത്രി എ.പി. അനിൽകുമാർ
'ജനസാക്ഷ്യം' അദാലത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കുന്നതിനും സാധ്യമായത്ര വേഗത്തിൽ അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള ഫലപ്രദമായ വേദിയായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ
മലപ്പുറം : 'ജനസാക്ഷ്യം' അദാലത്ത് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കുന്നതിനും സാധ്യമായത്ര വേഗത്തിൽ അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള ഫലപ്രദമായ വേദിയായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന 'ജനസാക്ഷ്യം' പൊതുജന പരാതി പരിഹാര അദാലത്ത് വണ്ടൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണകൂടത്തെ നേരിട്ട് സമീപിച്ച് പരാതികൾ അവതരിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടലിലൂടെ പരിഹാരം തേടാനും ജനങ്ങൾക്ക് അവസരം ഒരുക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് അദാലത്തിൽ ലഭിച്ചത്.
വർഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന അപേക്ഷകളും പരാതികളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ പരാതികളും പൂർണമായി പരിഹരിക്കാൻ സാധിക്കണമെന്നില്ല. പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങൾപരമാവധി വേഗത്തിൽ തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി ഉത്തരവാദിത്തത്തോടെയും സമയബന്ധിതമായും പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കൂടുതൽ പരാതികൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അദാലത്ത് കേവലം പരാതികൾ സ്വീകരിക്കുന്ന വേദി മാത്രമല്ലെന്നും ജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് സാധ്യമായ പരിഹാരം ഉറപ്പാക്കുന്ന ജനകീയ സംവിധാനമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും അദാലത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബി.പി., ഷുഗർ പരിശോധന ഉൾപ്പെടെയുള്ള പരിശോധനാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അദാലത്തിനു മുമ്പായി ലഭിച്ച അപേക്ഷകളിൽ അനുവദിച്ച 5 റേഷൻ കാർഡ് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉടമകൾക്ക് നൽകി. അദാലത്തിൽ 470 പരാതികളാണ് ലഭിച്ചത്. 21 വകുപ്പുകളുടെ കൗണ്ടറുകളിലായാണ് പരാതികൾ സ്വീകരിച്ചത്. ലഭിച്ച പരാതികൾ രണ്ടാഴ്ചക്കകം തീർപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി
അഡ്വ. എം. റഹ്‌മത്തുള്ള എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി, എ.ഡി.എം അൻവർ സാദത്ത് പി, സബ് കളക്ടർ സാക്ഷി മോഹൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആലിപ്പറ്റ ജമീല, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ടി അജ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ റഹ്‌മത്തുന്നിസ കുറുമാടൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഫൗസിയ പെരുമ്പള്ളി, സുകുമാരൻ കെ, ജയ്‌സൽ എളമരം, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമൃത ടീച്ചർ, പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുഷ്പ ടീച്ചർ, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി ഷംസുദ്ദീൻ, പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രോഹിൽ നാഥ്, തിരുവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.പി മുഹമ്മദ്, ജനസാക്ഷ്യം ജില്ലാ കോഡിനേറ്റർ കെ.എൻ ഷാനവാസ്, വണ്ടൂർ ബ്ലോക്ക് ഡിവിഷൻ പ്രോഗ്രാം കോർഡിനേറ്റർമാരായ ശൈജൽ എടപ്പറ്റ, പി. അബ്ദുൽ സലാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.