മഴക്കെടുതി ദുരന്തനിവാരണത്തിൽ  മലപ്പുറം ജില്ല മാതൃക: മന്ത്രി പി.കെ.ബഷീർ

: മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ. ജില്ലയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ.ബഷീർ

 

മലപ്പുറം : മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ മലപ്പുറം ജില്ല മാതൃകാപരമായ ഇടപെടൽ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീർ. ജില്ലയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രി പി.കെ.ബഷീർ ആസൂത്രണസമിതി കോൺഫ്രൻസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ദുരന്ത നിവാരണ ഏകോപന പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ചത്. ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും സർക്കാരിന്റെ നൂറുദിന കർമപരിപാടി അവലോകനവും മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.

ജില്ലയിൽ മഴക്കെടുതിയിൽ നാലു മരണം ഉണ്ടായെന്നും ഇവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അറ്റകുറ്റ പണികൾക്ക് ശേഷം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തെന്നും റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ റോഡ് താത്ക്കാലികമായി അടക്കുമെന്നും യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിലെ മഴക്കെടുതിയിൽ ജില്ലയിലുടനീളം 65 ചെറിയ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുജനങ്ങൾ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും ജില്ലാ കളക്ടർ ഓർമിപ്പിച്ചു. ജില്ലയിലെ അനധികൃത ഖനനം തടയുന്നതിനായി പൊലീസ്, റവന്യൂ, പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം വിപുലമാക്കും. ജിയോളജി വകുപ്പിൽ കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

വിവിധ വകുപ്പുകൾ, താലൂക്കുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ദുരന്ത നിവാരണത്തിനായുള്ള തയാറെടുപ്പുകൾ യോഗത്തിൽ അവലോകനം ചെയ്തു. പൊന്നാനിയിലുണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിഞ്ഞുവെന്നും നിലവിൽ 20 പേർ മാത്രമാണ് തിരൂരങ്ങാടി താലൂക്കിലെ ചേറൂർ ചാക്കീരി അഹ്‌മദ് കുട്ടി സ്മാരക ജി.എം.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നതെന്നും തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര യോഗത്തിൽ അറിയിച്ചു. ദുരിതാശ്വാസ ക്യാംപിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്നും അവശ്യമരുന്നുകളും അടിയന്തര പരിശോധനകളും കൃത്യമായി ചെയ്തുവരുന്നുണ്ടെന്നും ഡി.എം.ഒ.യോഗത്തിൽ അറിയിച്ചു. സ്‌കൂബ ടീം, 800 പേരടങ്ങുന്ന സിവിൽ ഡിഫൻസ് ടീം എന്നിവ പ്രവർത്തന സജ്ജമാണെന്ന് ഫയർ ഫോഴ്‌സ് വിഭാഗം യോഗത്തിൽ അറിയിച്ചു. ജില്ലാ-താലൂക്ക് തലങ്ങളിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും കെ.എസ്.ഇ.ബി. സർക്കിളുകൾക്ക് കീഴിലും 24 മണിക്കൂറും കൺട്രോൾ യൂണിറ്റുകൾ സജ്ജമാണെന്ന് യോഗം വിലയിരുത്തി. മഴക്കെടുതിയിൽ കൃഷിനാശം നേരിട്ട കർഷകർക്ക് ഇൻഷുറൻസ് ക്യാംപയിൻ നടന്നു വരികയാണെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.