ചികിത്സാ ചെലവ് നിഷേധിച്ചു: 5,35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഇൻഷൂറൻസ് കമ്പനിയോട് മലപ്പുറം  ജില്ലാ ഉപഭോക്തൃ കമ്മീഷൻ

കരൾ സംബന്ധമായ ചികിത്സ നടത്തിയയാൾക്ക് ഇൻഷൂറൻസ് തുക അനുവദിക്കാത്ത സംഭവത്തിൽ ഇൻഷൂറൻസ് കമ്പനിയോട് 5,35,000 രൂപ നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ.

 

മലപ്പുറം :  കരൾ സംബന്ധമായ ചികിത്സ നടത്തിയയാൾക്ക് ഇൻഷൂറൻസ് തുക അനുവദിക്കാത്ത സംഭവത്തിൽ ഇൻഷൂറൻസ് കമ്പനിയോട് 5,35,000 രൂപ നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. താനാളൂർ സ്വദേശി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്റെ പേരിൽ രണ്ട് ഇൻഷൂറൻസ് പോളിസിയാണുണ്ടായിരുന്നത്.

ആലുവ രാജഗിരി ആശുപത്രിയിൽ കരൾ സംബന്ധമായ ചികിത്സ നടത്തിയതിന് 15,00,000 രൂപ ചെലവായെന്നും ആയത് അനുവദിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രോഗകാരണം അമിതമായ ആൽക്കഹോൾ ഉപയോഗമാണെന്നും വ്യവസ്ഥപ്രകാരം ഇൻഷൂറൻസിന് അർഹതയില്ലെന്നും കമ്പനി അറിയിച്ചതിനെത്തുടർന്നാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. 15 ലക്ഷത്തിലധികം രൂപ ചികിത്സക്ക് വേണ്ടി വന്നതിനാൽ ഇൻഷൂറൻസ് തുക അനുവദിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. 

രേഖകൾ പരിശോധിച്ച കമ്മീഷൻ രോഗ കാരണം ആൽക്കഹോളിസമല്ലെന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമായി  സാക്ഷ്യപ്പെടുത്തിയതിനാൽ ഇൻഷൂറൻസ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് കണ്ടെത്തി. തുടർന്ന് ഇൻഷൂറൻസ് തുക അഞ്ചുലക്ഷവും സേവനത്തിലെ വീഴ്ചക്ക് 25,000/ രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നും വീഴ്ച വരുത്തിയാൽ ഒൻപത് ശതമാനം പലിശയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിട്ടു.