ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച, അഴിമതിക്കാരെ കണ്ടെത്തി നടപടിയെടുക്കുക: ഹമീദ് വാണിയമ്പലം

 

 
മലപ്പുറം: ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ചക്ക് കാരണമായ തുടർ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന അഴിമതിയെയും ക്രമക്കേടുകളെയും കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച സമരാരവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഗുലേറ്റർ നിർമാണത്തിന് പ്രൊജക്റ്റ് തയ്യാറാക്കിയ ഡൽഹി ഐഐടി നിർദ്ദേശിച്ച നിലവാരമുള്ള ഷീറ്റുകൾക്ക് പകരം ചൈനയിൽ നിന്ന് ഇറക്കിയ നിലവാരമില്ലാത്ത ഷീറ്റുകൾ ഉപയോഗിച്ചത്തിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ച.

ഈ ഷീറ്റുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയ തവനൂർ എംഎൽഎ കെടി ജലീലിന്റെ ഈ അഴിമതിയിലുള്ള പങ്കും അന്വേഷണ വിധേയമാക്കണം.

അഞ്ചു കോടിക്ക് മുകളിൽ വരുന്ന അഴിമതിക്കാണ് കളമൊരുക്കിയതെങ്കിലും പെട്ടെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഡിറ്റിംഗ് നടന്നത് കൊണ്ട് മാത്രമാണ് അഴിമതിയുടെ കനം ഒരു കോടി 38 ലക്ഷത്തിൽ ഒതുങ്ങിയത്. പദ്ധതിക്കു വേണ്ട കോൺക്രീറ്റ് ഏപ്രണുകൾ നിർമ്മിച്ചതിൽ പോലും അഴിമതിയാണ്.

പദ്ധതിക്ക് ആവശ്യം ഉള്ളതിനേക്കാൾ ഉദ്യോഗസ്ഥരെ നിയോഗിച്ച് കൂടുതൽ പേർക്ക് അഴിമതിയുടെ പങ്കുപറ്റാൻ ഉള്ള അവസരം ഒരുക്കിക്കൊടുക്കുക കൂടിയാണ് സർക്കാർ ചെയ്തത്. ആവശ്യത്തിലധികമുള്ള ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുകയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥത അന്വേഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യണം.

ഗതാഗത കാർഷിക ജലസേചന സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയിൽ ഗതാഗതം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം കാര്യങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന രൂപത്തിൽ പദ്ധതി പൂർത്തീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, അബ്ദുല്ലത്തീഫ് മാറഞ്ചേരി, വഹാബ് വെട്ടം, കൃഷ്ണൻ കുനിയിൽ, ഇബ്രാഹിംകുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, റജീന ഇരിമ്പിളിയം, ബാസിത്ത് താനൂർ, എ.കെ സെയ്ദലവി, മുഹമ്മദ് പൊന്നാനി, കമറുദ്ധീൻ എടപ്പാൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.