ജനദ്രോഹ നികുതി വര്‍ദ്ധനവ് പുനപ്പരിശോധിക്കണം : ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍

 

മലപ്പുറം : നഗരസഭകളിലും പഞ്ചായത്തുകളിലും നടപ്പിലാക്കി വരുന്ന ഓരോ ഇനം കെട്ടിടത്തിനും അതിന്റെ ഉപരി ഭാഗത്തിനും ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിന് ബാധകമായ തരത്തില്‍ അടിസ്ഥാന നികുതി നിരക്കുകളുടെ പുനര്‍ ക്രമീകരണം 2023 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കാനുള്ള തീരുമാനം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന കടുത്ത പ്രഹരമാണെന്നും ഇതിന് പരിഹാരം വേണമെന്നും നികുതി നിരക്കുകളുടെ വര്‍ദ്ധന ജനങ്ങള്‍ക്ക് താങ്ങാവുന്ന തരത്തിലുള്ളതുമാകണമെന്നും ആവശ്യപ്പെട്ട് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി മലപ്പുറം നഗരസഭ ചെയര്‍മാനും, സെക്രട്ടറിക്കും നിവേദനം നല്‍കി.

ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തില്‍ കൂടി ആലോചന നടത്തിയേ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തുകയുള്ളൂവെന്ന് ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. പ്രസിഡന്റ് ഉമ്മര്‍ ബാവ ഹാജി, ജനറല്‍ സെക്രട്ടറി ചേക്കുപ്പ ഖാദര്‍, വരിക്കോടന്‍ അബ്ദുറഹിമാന്‍, പി എം അലവി ഹാജി, ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, പി. എം ആര്‍ ബാപ്പുട്ടി, യു എം കെ മുഹമ്മദ് കുട്ടി, ഫെബിന്‍ കളപ്പാടന്‍, ഇബ്്‌നു ആദം, അഷ്‌റഫ് മേച്ചോത്ത്, എ വി ഹുസൈന്‍ തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.