ആയുഷ്മാൻ ഭവ ക്യാമ്പയിൻ: മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

 

മലപ്പുറം:  ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭവ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി ഗവ. താലുക്ക് ആശുപത്രിയിൽ എം.പി അബ്ദുസമദ് സമദാനി എം.പി നിർവ്വഹിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക മുഖ്യ പ്രഭാഷണം നടത്തി. 

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ പ്രീതി മേനോൻ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ വി. ഫിറോസ് ഖാൻ, ഡി.ടി.ഒ ഇൻചാർജ് പി. അബ്ദുൽ റസാഖ്, എച്ച്.ഡബ്ല്യു.സി ജൂനിയർ കൺസൾട്ടന്റ് ഡോ. നസീല, ഡെപ്യൂട്ടി  മാസ് മീഡിയ ഓഫീസർമാരായ പി.എം ഫസൽ, രാംദാസ്, താലൂക്ക് ആശുപത്രി സെക്രട്ടറി ബാബുരാജ്, ജെ.സി.എച്ച് ഡ.ബ്ല്യു.സി ഡോ. വരുൺ, പി.ആർ.ഒമാരായ രേണു, സനൂപ്, ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ സി.കെ സുരേഷ് കുമാർ, കെ.കെ അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു. 

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ടി.എൻ അനൂപ് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. അജേഷ് രാജ് നന്ദിയും പറഞ്ഞു. വിവിധ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും കൂടുതൽ ഫലപ്രദമായ രീതിയിൽ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്യാമ്പയിനാണ് ആയുഷ്മാൻ ഭവ. ഇതുവഴി വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള അർഹരായിട്ടുള്ള എല്ലാ ഗുണഭോക്താക്കൾക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നു. 

മൂന്ന് ഘടകങ്ങളിലൂടെയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. അർഹരായ മുഴുവൻ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ കാർഡ് തയ്യാറാക്കി വിതരണം ചെയ്യുന്ന ആയുഷ്മാൻ ആപ്‌കേ ദ്വാർ 3.0, ജനകീയരോഗ്യ കേന്ദ്രങ്ങൾ മുഖേന ആഴ്ചകൾ തോറും സംഘടിപ്പിക്കുന്ന ആയുഷ്മാൻ മേള, വിവിധ ആരോഗ്യ സേവനങ്ങളെ കുറിച്ചും പദ്ധതിയെ കുറിച്ചും ജനങ്ങൾക്ക് ബോധവത്കരിക്കുന്നതിനായി വാർഡ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ആയുഷ്മാൻ സഭ തുടങ്ങിയവയാണ് ക്യാമ്പിലൂടെ നടപ്പാക്കുക. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും വേണ്ടി അവയവദാന പ്രതിജ്ഞ എടുക്കുക, രക്തദാന ക്യാമ്പ് നടത്തുക തുടങ്ങിയവയും ക്യാമ്പയിനിന്റെ ഭാഗമാണ്.