സംസ്ഥാന വയോജന കമ്മീഷൻ സിറ്റിംഗ്: 33 പരാതികൾ പരിഗണിച്ചു

സംസ്ഥാന വയോജന കമ്മീഷൻ ജില്ലയിൽ നടത്തിയ പരാതി പരിഹാര സിറ്റിംഗിൽ 33 പരാതികൾ പരിഗണിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിന് കമ്മീഷൻ അധ്യക്ഷൻ അഡ്വ. കെ. സോമപ്രസാദ്, അംഗം അമരവിള രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വയോജന സംഘടനകളിൽ നിന്നുള്ള വിവിധ നിവേദനങ്ങളും സിറ്റിംഗിൽ സ്വീകരിച്ചു.

 

കോഴിക്കോട് : സംസ്ഥാന വയോജന കമ്മീഷൻ ജില്ലയിൽ നടത്തിയ പരാതി പരിഹാര സിറ്റിംഗിൽ 33 പരാതികൾ പരിഗണിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സിറ്റിംഗിന് കമ്മീഷൻ അധ്യക്ഷൻ അഡ്വ. കെ. സോമപ്രസാദ്, അംഗം അമരവിള രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. വയോജന സംഘടനകളിൽ നിന്നുള്ള വിവിധ നിവേദനങ്ങളും സിറ്റിംഗിൽ സ്വീകരിച്ചു. കമ്മീഷനു ലഭിച്ച പരാതികളിൽ ഭൂരിഭാഗവും കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് അധ്യക്ഷൻ വ്യക്തമാക്കി.

മുതിർന്ന പൗരരെ മക്കൾ കൃത്യമായി സംരക്ഷിക്കുന്നില്ലെന്ന പരാതികളാണ് കൂടുതൽ ലഭിച്ചത്. പെൻഷൻ ലഭ്യതയിലെ തടസ്സങ്ങൾ, സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്ത അവസ്ഥ, കരാറേറ്റെടുത്ത് പണം കൈപ്പറ്റിയ ശേഷം പ്രവൃത്തി പൂർത്തിയാക്കാതിരിക്കൽ, വാടക കരാർ കാലാവധി കഴിഞ്ഞിട്ടും വീടൊഴിയാത്ത സാഹചര്യം തുടങ്ങിയ വിഷയങ്ങളും സിറ്റിംഗിൽ പരിഗണനയ്‌ക്കെത്തി.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമത്തിലെ (2007) പോലീസ് സ്റ്റേഷൻ പരിധികളിൽ വളണ്ടറി കമ്മിറ്റികൾ രൂപീകരിക്കണമെന്ന നിർദ്ദേശം അത്യാവശ്യമായി നടപ്പാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വയോജന നിയമപ്രകാരം ആർ.ഡി.ഒ അധ്യക്ഷനായുള്ള മെയിന്റനൻസ് ട്രിബ്യൂണലുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെ എത്തുന്ന പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി കമ്മീഷന്റെ നേതൃത്വത്തിൽ ആർ.ഡി.ഒമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. ട്രിബ്യൂണലുകളിലെ പരാതി പരിഹാരം വേഗത്തിലാക്കാൻ ആർ.ഡി.ഒ ഓഫീസുകളിൽ പ്രത്യേക ജീവനക്കാരെ നിയമിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

മുതിർന്ന പൗരർ നേരിടുന്ന ഏത് പ്രശ്‌നത്തിലും കമ്മീഷനെ സമീപിക്കാവുന്നതാണ്. മാധ്യമ വാർത്തകളുടെയും ശ്രദ്ധയിൽപ്പെടുന്ന മറ്റ് വിഷയങ്ങളുടെയും അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുന്നുണ്ട്. പുതുതായി രൂപീകരിച്ച വയോജന വകുപ്പ് മുതിർന്ന പൗരരുടെ വിഷയങ്ങളിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധയക്ഷൻ പറഞ്ഞു.

വയോജന കമ്മീഷനിൽ നേരിട്ടോ ഇ-മെയിൽ വഴിയോ പരാതികൾ നൽകാവുന്നതാണ്. വിലാസം: കേരള സംസ്ഥാന വയോജന കമ്മീഷൻ, ഹാൻടെക്‌സ് ബിൽഡിംഗ്, ഓവർബ്രിഡ്ജ്-തമ്പാനൂർ റോഡ്, തിരുവനന്തപുരം-695001. ഫോൺ: 0471-2960100, ഇ-മെയിൽ: ksec.ewd@kerala.gov.in.