സംസ്ഥാന സ്കൂൾ കായികമേള:കായികതാരങ്ങളുടെ ദാഹം അകറ്റി ഫയർഫോഴ്സിന്റെ ഔഷധക്കൂട്ട്
സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കാനെത്തിയ താരങ്ങൾക്കും കാണികൾക്കും ദാഹമകറ്റാൻ ഔഷധഗുണമുള്ള കുടിവെള്ളവുമായി കേരള ഫയർ സർവീസ് അസോസിയേഷൻ കോഴിക്കോട് മേഖല കമ്മിറ്റി. മേള സമാപനത്തിലേക്ക് അടുക്കുമ്പോഴും,
കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കാനെത്തിയ താരങ്ങൾക്കും കാണികൾക്കും ദാഹമകറ്റാൻ ഔഷധഗുണമുള്ള കുടിവെള്ളവുമായി കേരള ഫയർ സർവീസ് അസോസിയേഷൻ കോഴിക്കോട് മേഖല കമ്മിറ്റി. മേള സമാപനത്തിലേക്ക് അടുക്കുമ്പോഴും, ആദ്യ ദിനം മുതൽ മുടക്കമില്ലാതെ തുടരുന്ന ഈ സേവനം ശ്രദ്ധേയമാകുന്നു.ഒക്ടോബർ 25-ന് മേളയുടെ ആദ്യ ദിനം ആരംഭിച്ച വിതരണം സമാപന ദിനമായ 31 വരെ തുടരും.
മാവൂർ ഫയർ സ്റ്റേഷനിലെ ജീവനക്കാരാണ് താരങ്ങൾക്ക് പിന്തുണയുമായി കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകുന്നത്.രാമച്ചം, ഏലം, ഗ്രാമ്പൂ, ചുക്ക്, തുളസി എന്നീ ഔഷധക്കൂട്ടുകൾ ചേർത്ത് തിളപ്പിച്ച വെള്ളമാണ് നൽകുന്നത്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ക്ഷീണമകറ്റുന്നതിനും ഇത് സഹായകമാണ്. പ്രതിദിനം ഏകദേശം 1,500 ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുന്നു.
കായികമേളയുടെ വെൽഫെയർ കമ്മിറ്റി ചെയർമാനും വടകര എം. എൽ. എ. യുമായ കെ. കെ. രമയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന്, വിവിധ എം.എൽ.എ.മാരും യുവജനക്ഷേമ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പദ്ധതിക്ക് അഭിനന്ദനവും പിന്തുണയും അറിയിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടമായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഉദ്യമം മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഫയർഫോഴ്സ് സമാനമായ കുടിവെള്ള വിതരണം സംഘടിപ്പിച്ചിരുന്നു.താരങ്ങളുടെ കഠിനാധ്വാനത്തിന് കരുത്തേകാൻ ആദ്യ ദിനം മുതൽ മുടങ്ങാതെ സേവനമനുഷ്ഠിക്കുന്ന ഫയർഫോഴ്സ് ജീവനക്കാരുടെ സമർപ്പണ മനോഭാവവും മേളയ്ക്ക് കരുത്താകുന്നു.