സ്പെഷ്യൽ സമ്മറി റിവിഷൻ; ചീഫ് ഇലക്ടറൽ ഓഫീസർ കോഴിക്കോട് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു
സ്പെഷ്യൽ സമ്മറി റിവിഷനുമായി (എസ്എസ്ആർ) ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ഡി. സജിത് ബാബു ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു.
കോഴിക്കോട് : സ്പെഷ്യൽ സമ്മറി റിവിഷനുമായി (എസ്എസ്ആർ) ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ഡി. സജിത് ബാബു ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകൾ സന്ദർശിച്ചു. പൂളക്കോട്, താഴേക്കോട്, കക്കാട് വില്ലേജ് ഓഫീസുകളിലെത്തിയ സിഇഒ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കലിന്റെ (എസ്ഐആർ) ഭാഗമായി വോട്ടവകാശം നഷ്ടപ്പെട്ടവരുടെ കണക്കുകളും അവരെ വോട്ടർ പട്ടികയിൽ ചേർക്കാനായി സ്വീകരിച്ച നടപടികളും പരിശോധിച്ചു.
എസ്.എസ്.ആറിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള ഹെൽപ് ഡെസ്ക്കുകൾ, ബാനറുകൾ, നോട്ടീസുകൾ, അപേക്ഷ രജിസ്റ്ററുകൾ, ഉദ്യോഗസ്ഥ തലത്തിൽ ചേർന്ന യോഗങ്ങൾ തുടർന്ന് നടത്തിയ പ്രവർത്തനങ്ങൾ എന്നിവയും സി.ഇ.ഒ വിലയിരുത്തി. വോട്ടവകാശം നഷ്ടപ്പെട്ടവരുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിക്കാൻ നിർദേശം നൽകി. എസ്.എസ്.ആറുമായി ബന്ധപ്പെട്ട് ബി.എൽ.ഒമാരുടെ മീറ്റിങ്ങുകൾ വിളിച്ച് ചേർക്കാത്ത ഇടങ്ങളിൽ അടിയന്തിരമായി മീറ്റിങ് വിളിക്കാനും സി.ഇ.ഒ ആവശ്യപ്പെട്ടു.സന്ദർശനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ കെ പ്രദീഷ്, താമരശ്ശേരി താഹസിൽദാർ ജുബീഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി കേരളത്തിൽ സ്പെഷ്യൽ സമ്മറി റിവിഷൻ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഇതിനായി ഈ മാസം 15-ന് ആരംഭിച്ച പ്രത്യേക ഹെൽപ് ഡെസ്കുകൾ 31 വരെ പ്രവർത്തിക്കും. 18 വയസ്സും അതിനു മുകളിലുമുള്ള യോഗ്യരായ ആർക്കും നിലവിലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും ഫോറം 6 വഴി പുതിയതായി പേര് ചേർക്കാവുന്നതാണ്.
കൂടാതെ പേര്, മേൽവിലാസം, ഫോട്ടോ എന്നിവ മാറ്റുന്നതിനും, ഭിന്നശേഷിയുള്ള വ്യക്തിയായി അടയാളപ്പെടുത്തുന്നതിനും, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ വോട്ടർ ഐഡി കാർഡിന് പകരം പുതിയ കാർഡ് ലഭിക്കുന്നതിനും, താമസം മാറിയവർക്ക് വിലാസം
മാറ്റുന്നതിനുമായി ഫോം 8 ഉപയോഗിച്ച് തിരുത്തലുകൾ വരുത്താവുന്നതാണ്. അപേക്ഷകൾ ഓൺലൈനായും സമർപ്പിക്കാൻ സൗകര്യമുണ്ട്.