ഖരമാലിന്യ പരിപാലനം: കോഴിക്കോട്  ജില്ലയിലെ നഗരപ്രദേശങ്ങൾക്ക് സമഗ്ര കർമ്മപദ്ധതി ഒരുങ്ങുന്നു

ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങൾക്കായി സമഗ്ര കർമ്മപദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 349 നഗരസഭാ കൗൺസിലർമാർക്ക് ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ

 

കോഴിക്കോട് : ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങൾക്കായി സമഗ്ര കർമ്മപദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 349 നഗരസഭാ കൗൺസിലർമാർക്ക് ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.കക്കാടംപൊയിൽ ഗോൾഡൻ റോക്ക്സ് റിസോർട്ടിൽ നാല് ബാച്ചുകളിലായി നടന്ന ഏകദിന ജില്ലാതല പരിശീലനം കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ലിയു.എം.പി), തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2026 ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന ഖരമാലിന്യ പരിപാലന ചട്ടത്തിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഉറവിടത്തിൽത്തന്നെ മാലിന്യം നാലായി തരംതിരിക്കൽ, വൻകിട മാലിന്യ ഉൽപ്പാദകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ, മാലിന്യ സംസ്കരണ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പൊതുഇടങ്ങൾ ഹരിതാഭമാക്കൽ, മാലിന്യം വലിച്ചെറിയുന്നത് തടയൽ, ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങൾ നടപ്പാക്കൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

എൻഫോഴ്‌സ്‌മെന്റ് നടപടികൾ ശക്തമാക്കുക, ഡിജിറ്റൽ ഭരണനിർവഹണവും ഓൺലൈൻ നിരീക്ഷണവും കാര്യക്ഷമമാക്കുക തുടങ്ങിയ വ്യവസ്ഥകളും കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തും. ഓരോ കൗൺസിലറും സ്വന്തം വാർഡിൽ വിവരശേഖരണം നടത്തി തുടർനടപടികൾ സ്വീകരിക്കും. പരിശീലനത്തിനുശേഷം നഗരസഭാതലത്തിൽ യോഗം ചേർന്ന് ആക്ഷൻ പ്ലാനും ബൈലോയും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

പരിശീലന പരിപാടി രാമനാട്ടുകര നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദ് അലി, പയ്യോളി നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ, കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ നഫീന ഷമീർ എന്നിവർ ചേർന്ന് ആക്ഷൻ പ്ലാനിന്റെ കരട് പ്രകാശനം ചെയ്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടർ എൻ.കെ. ഹരീഷ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ഡയറക്ടർ ടി. ഷാഹുൽ ഹമീദ്, കെ.എസ്.ഡബ്ലിയു.എം.പി എക്സ്പേർട്ട് കെ.ടി. ജിജു, രാമനാട്ടുകര ക്ലീൻ സിറ്റി മാനേജർ ഷാജിൽ കുമാർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.വി. പ്രമോദ്, പ്രോഗ്രാം ഓഫീസർ ജ്യോതിഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പരിശീലനത്തിന്റെ ഭാഗമായി ഗെയിമുകൾ, ചോദ്യോത്തര സെഷനുകൾ, മാലിന്യങ്ങളെ പരിചയപ്പെടുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു.