തീരദേശ വികസനത്തിന് ‘സ്നേഹസാഗരം’: സൗത്ത് ബീച്ചിൽ രണ്ടാംഘട്ട സർവ്വേ
തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോഴിക്കോട് സൗത്ത് ബീച്ച് തീരപ്രദേശത്ത് നടപ്പാക്കുന്ന ‘സ്നേഹസാഗരം’ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട സർവ്വേ ആരംഭിച്ചു.
കോഴിക്കോട് : തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കോഴിക്കോട് സൗത്ത് ബീച്ച് തീരപ്രദേശത്ത് നടപ്പാക്കുന്ന ‘സ്നേഹസാഗരം’ പദ്ധതിയുടെ ഭാഗമായുള്ള രണ്ടാംഘട്ട സർവ്വേ ആരംഭിച്ചു. പള്ളിക്കണ്ടി ജി.എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വുമൺ (സാഫ്), കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപറേഷൻ, ‘അക്ഷരസമുദ്രം’ പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് സൗത്ത് ബീച്ച് തീരപ്രദേശത്ത് സർവ്വേ സംഘടിപ്പിച്ചത്. ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തി ദിനത്തിൽ വിജയകരമായി പൂർത്തിയാക്കിയ ഒന്നാം ഘട്ട സർവ്വേയുടെ തുടർച്ചയായാണ് രണ്ടാംഘട്ട സർവേ നടത്തുന്നത്. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സർവ്വേയിൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നത്.
തീരദേശവാസികളുടെ ജനജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും ഉൾപ്പെടുത്തി 22 ചോദ്യങ്ങൾ അടങ്ങിയതാണ് സർവ്വേ. വ്യക്തിഗത ആനുകൂല്യങ്ങൾക്ക് മുൻഗണന നൽകിയാണ് ഈ ഘട്ടത്തിൽ വിവരശേഖരണം നടത്തുന്നതെന്ന് എം.എൽ.എ പറഞ്ഞു. സർവ്വേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുതിർന്ന പൗരർക്കും സംരംഭകർക്കും പ്രയോജനപ്പെടുന്ന നിരവധി പദ്ധതികളാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്ക് ഒരു മാസത്തിനകം അത്യാധുനിക വാക്കിംഗ് സ്റ്റിക്കുകൾ ലഭ്യമാക്കുകയും ഫാഷൻ ഡിസൈനിംഗ്, ഭക്ഷ്യവസ്തു നിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കായി ധനസഹായം കണ്ടെത്തി പ്രത്യേക സഹായ പദ്ധതികൾ നടപ്പിലാക്കുക്കയും ചെയ്യും.
സർവ്വേ വിവരങ്ങൾ പൂർണ്ണമായി വിശകലനം ചെയ്ത് സമഗ്രമായ റിപ്പോർട് തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി.ഉദ്ഘാടന ചടങ്ങിൽ കൗൺസിലർമാരായ എസ്.കെ. അബൂബക്കർ, പി.പി ഫസ്ന ഷംസുദ്ദീൻ എന്നിവരും എം.പി. കോയട്ടി, എം.പി. പ്രദീപ്, എൻ.പി. അബ്ദുമോൻ, എൻ.വി. മുനീർ, യൂനുസ് കോതി, ടി.വി. അബൂബക്കർ, എം.പി. ഷർഷദ്, കെ.കെ. സാദിഖ്, എം.പി. മൻസൂർ, പി.വി. ഷംസു, എൻ.വി. ഷംസു, എൻ.വി. ഹംസു ടി മുഹമ്മദ് തുടങ്ങിയവരും സംസാരിച്ചു.