ഷിഗെല്ല: വടകരയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

വടകരയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി കെ.കെ. രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം ചേർന്നു. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. 

 

കോഴിക്കോട് : വടകരയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമായി കെ.കെ. രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത യോഗം ചേർന്നു. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. 

സ്‌കൂളുകളിൽ ശുചിത്വവും സുരക്ഷിതമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കുക, കുട്ടികൾക്കിടയിൽ രോഗപ്രതിരോധ ബോധവൽക്കരണം ശക്തമാക്കുക, രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കുക തുടങ്ങിയ നിർദേശങ്ങൾ യോഗത്തിൽ നൽകി. രോഗവ്യാപനം തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആവശ്യമായ മുൻകരുതലുകൾ അടിയന്തരമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, ഒഞ്ചിയം പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. അനിത, ചോറോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.വി. അനുശ്രീ, മെഡിക്കൽ ഓഫീസർ ഡോ. ചെറിയാൻ, ഡി.എം.ഒ ഡോ. രാജേഷ്, ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ, ഡോ. അബ്ദുൾ നസീർ, ഡോ. ഡെയ്‌സി ഗോരെ, എ.ഇ.ഒമാരായ സുനിൽ, സപ്ന ജൂലിയറ്റ്, എന്നിവർ പങ്കെടുത്തു.