ഷീൽഡ് ക്യാമ്പയിൻ; കോഴിക്കോട് നോർത്ത് മണ്ഡലം യോഗം ചേർന്നു

ജില്ലയിൽ എച്ച്.പി.വി വാക്‌സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഷീൽഡ് ക്യാമ്പയിന്റെ കോഴിക്കോട് നോർത്ത് നിയോജകമണ്ഡലതല യോഗം അഡ്വ. കെ. ജയന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നു

 

കോഴിക്കോട് : ജില്ലയിൽ എച്ച്.പി.വി വാക്‌സിനേഷൻ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഷീൽഡ് ക്യാമ്പയിന്റെ കോഴിക്കോട് നോർത്ത് നിയോജകമണ്ഡലതല യോഗം അഡ്വ. കെ. ജയന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നു. മെഡിക്കൽ കോളേജിലെ നിപ സെന്റർ ഫോർ റിസർച്ച് ആൻഡ് റെസിലിയൻസിൽ നടന്ന യോഗത്തിൽ വാക്‌സിനേഷന്റെ പ്രാധാന്യവും ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ അകറ്റേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്ത് കർമ്മപദ്ധതിക്ക് രൂപം നൽകി. വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട ബോധവത്കരണ പരിപാടികളും വാക്‌സിൻ നൽകുന്ന തീയതികളും യോഗം വിലയിരുത്തി.

ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി മുഖ്യാതിഥിയായ ചടങ്ങിൽ ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. നവ്യ തൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ. അഫ്‌സൽ ക്യാമ്പയിൻ വിശദീകരിച്ചു. ഡോ. ടി.വി. രാജേഷ്, ഖയറുന്നിസ, സി. ദിവ്യ തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികളും ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മണ്ഡലത്തിലെ 39 സ്‌കൂളുകളിൽ നിന്നുള്ള പ്രധാന അധ്യാപകർ, നോഡൽ അധ്യാപകർ, പി.ടി.എ. പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഗർഭാശയമുഖ കാൻസർ പ്രതിരോധത്തിനായി ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് നിലവിൽ എച്ച്.പി.വി. വാക്‌സിൻ നൽകിവരുന്നത്. ഇതുവരെ 14,394 കുട്ടികൾക്ക് (ലക്ഷ്യമിട്ടതിന്റെ 54 ശതമാനം) വാക്‌സിൻ നൽകിയിട്ടുണ്ട്. ഡിസംബർ 31 വരെയാണ് ക്യാമ്പയിൻ കാലാവധി എന്നതിനാൽ ടാർഗെറ്റിലുള്ള മുഴുവൻ കുട്ടികൾക്കും വാക്‌സിൻ ഉറപ്പാക്കാനാണ് ഷീൽഡ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. മണ്ഡല അടിസ്ഥാനത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുളള യോഗങ്ങളുടെ ആദ്യഘട്ടമായാണ് കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ യോഗം സംഘടിപ്പിച്ചത്.