എലിപ്പനിക്കെതിരെ ജാഗ്രത വേണം
എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എലി, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം കലർന്ന ജലമോ മണ്ണോ മറ്റുവസ്തുക്കൾ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്
കോഴിക്കോട് : എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എലി, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം കലർന്ന ജലമോ മണ്ണോ മറ്റുവസ്തുക്കൾ വഴിയുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത്.
മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവർക്കാണ് എലിപ്പനി സാധ്യത കൂടുതൽ. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ശുചീകരണ തൊഴിലാളികൾ, കൃഷിയിലും കന്നുകാലി പരിചരണത്തിലും ഏർപ്പെട്ടവർ, മീൻപിടിത്തക്കാർ, നിർമാണ തൊഴിലാളികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്‌സി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കണം. ശുചീകരണ പ്രവർത്തനങ്ങൾ കട്ടി കൂടിയ റബർ കാലുറകളും കൈയുറകളും ധരിച്ച് മാത്രം നടത്തണം. കൈകാലുകളിൽ മുറിവുള്ളവർ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ ചെയ്യാതിരിക്കണം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുകയും എലിപ്പനിയല്ലെന്ന് ഉറപ്പാക്കുകയും വേണം.