പോളിടെക്നിക് കോളേജ്: നടപടികൾ വേഗത്തിലാക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം
രുവമ്പാടി മണ്ഡലത്തിൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളേജിന്റെ പ്രവർത്തനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സാങ്കേതിക വിദ്യാഭ്യാസ
കോഴിക്കോട് : തിരുവമ്പാടി മണ്ഡലത്തിൽ അനുവദിച്ച സർക്കാർ പോളിടെക്നിക് കോളേജിന്റെ പ്രവർത്തനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്, സീനിയർ ജോയിന്റ് ഡയറക്ടർ ആനി എബ്രഹാം, സ്പെഷ്യൽ ഓഫീസർ ഡോ. ജൗഹറലി, ഡയറക്ടറേറ്റിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് ജില്ലയിൽ സർക്കാർ പോളിടെക്നിക് കോളേജുകളുടെ എണ്ണം പരിമിതമാണെന്നും നിലവിൽ രണ്ട് സ്ഥാപനങ്ങൾ മാത്രമാണുള്ളതെന്നും യോഗം വിലയിരുത്തി. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ജില്ലയ്ക്കുള്ള പ്രാധാന്യം പരിഗണിച്ച് പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് വകുപ്പിന്റെ പൂർണ പിന്തുണ ഉദ്യോഗസ്ഥർ ഉറപ്പുനൽകി.പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനായി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗം വിളിച്ചുചേർക്കുമെന്നും ആവശ്യമായ സ്ഥലം മണ്ഡലത്തിൽ ഉടൻ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ. അറിയിച്ചു.
സ്ഥിരം കെട്ടിടം ഒരുക്കുന്നതിന് മുമ്പുതന്നെ താൽക്കാലിക കെട്ടിടത്തിൽ അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യത പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ യോഗത്തിൽ ചുമതലപ്പെടുത്തി. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഡയറക്ടറും ജോയിന്റ് ഡയറക്ടറും നേരിട്ടെത്തി പരിശോധന നടത്തുമെന്നും അറിയിച്ചു. വലിയൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം യാഥാർഥ്യമാക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ധനസഹായം ലഭ്യമാക്കുന്നതിനും വയനാട് ലോക്സഭാംഗം പ്രിയങ്കാ ഗാന്ധിയുടെ സഹായത്തോടെ സ്ഥാപനത്തിന് സാമൂഹിക ഉത്തരവാദിത്വ പദ്ധതികളിലൂടെയുള്ള ധനസഹായം കണ്ടെത്തുന്നതിനും മുൻകൈയെടുക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം തൊഴിൽപരിശീലനവും ഉറപ്പാക്കുന്ന രീതിയിലുള്ള കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും, ഇതിന്റെ ഭാഗമായി തൊഴിൽപരിശീലനം ഉൾപ്പെടുത്തിയ ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്തു. പ്രാഥമിക ഘട്ടത്തിൽ പുതുതലമുറയിലെ നാല് തൊഴിൽമേഖലകളുമായി ബന്ധപ്പെട്ട കോഴ്സുകൾ ഉൾപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി.മണ്ഡലത്തിലെ വിദ്യാർഥികൾക്ക് ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിൽ നിർണായകമാകുന്ന പദ്ധതിയുടെ തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് തീരുമാനം.