പൊതുവിദ്യാലയങ്ങളുടെ നവീകരണവും ഡിജിറ്റൽവത്കരണവും ഉറപ്പാക്കും: മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരം നിലനിർത്തുന്നതിന് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ കൂടുതൽ നവീകരിക്കേണ്ടതുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ഇതിനായി മികച്ച കെട്ടിടസൗകര്യങ്ങൾക്കൊപ്പം ഡിജിറ്റൽ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും

 

കോഴിക്കോട് : സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരം നിലനിർത്തുന്നതിന് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ കൂടുതൽ നവീകരിക്കേണ്ടതുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. ഇതിനായി മികച്ച കെട്ടിടസൗകര്യങ്ങൾക്കൊപ്പം ഡിജിറ്റൽ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും മുചുകുന്ന് നോർത്ത് യു.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷമായ 'ശതപൂർണിമ'യും കണ്ണൻ മാസ്റ്റർ സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി അവരെ മറ്റുള്ളവർക്കൊപ്പം എത്തിക്കുന്നതിനായാണ് സർക്കാർ 'നവജീവനം' (റിവൈവ്) പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായാണ് ഇത് നടപ്പാക്കുന്നത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ഭാവിപഠനത്തിലും കരിയറിലും അവർക്ക് ഏറെ മുന്നോട്ട് പോകാൻ സാധിക്കും. ഹൈസ്‌കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്ന 'എറൈസ്' പദ്ധതിയും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇതിലൂടെയെല്ലാം ഓരോ വിദ്യാർഥിയും പഠനത്തിന്റെ അടിസ്ഥാനശേഷികൾ കൈവരിച്ചെന്ന് ഉറപ്പാക്കുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 1926 നവംബർ 23-ന് കണ്ണൻ മാസ്റ്റർ സ്ഥാപിച്ച വിദ്യാലയമാണ് മുചുകുന്ന് നോർത്ത് യു.പി. സ്‌കൂൾ. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില കണ്ണൻ മാസ്റ്ററുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശ്രീകുമാർ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എം. ശ്രീലത, സന്തോഷ് കുന്നുമ്മൽ, മൂടാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സജിന പിരിശത്തിൽ, മേലടി എ.ഇ.ഒ. കെ.വി. പ്രേമചന്ദ്രൻ, പന്തലായനി ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കെ. നാസിബ്, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, എസ്.എസ്.ജി. ചെയർപേഴ്‌സൺ കെ.എം. കുഞ്ഞിക്കണാരൻ, ലോഗോ ഡിസൈനർ ഷീജ മനപ്പുറത്ത്, വാർഡ് മെമ്പർമാർ, അധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.