ദേശീയപാത 66: കൊയിലാണ്ടി, നന്തി ബൈപ്പാസുകൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി മുഹമ്മദ് റിയാസ്
ദേശീയപാത 66 വികസന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി.
കോഴിക്കോട് : ദേശീയപാത 66 വികസന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി. ദേശീയപാത കൊയിലാണ്ടി, നന്തി ഭാഗങ്ങൾ, കൊയിലാണ്ടി പഴയ ബൈപ്പാസ് എന്നിവയുടെ നിർമ്മാണം സമാന്തരമായി നടത്തി ജനുവരി പകുതിയോടെ പൂർത്തിയാക്കാനും മന്ത്രി നിർദേശിച്ചു. ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ദേശീയപാത വടകര റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, പന്തീരാങ്കാവ് ടോൾ പ്ലാസ ഭാഗത്തെ സ്ലിപ് റോഡ്, പാനത്ത് താഴം മേൽപ്പാത, പാച്ചാക്കിൽ-മലാപ്പറമ്പ് സർവീസ് റോഡ്, ദേശീയ പാതയിലെ വിവിധ റീച്ചുകൾ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഗതാഗതപ്രശ്‌നം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. പനാത്ത്താഴം മേൽപ്പാതയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വവകുപ്പ് തയ്യാറാക്കി നൽകിയതായി മന്ത്രി അറിയിച്ചു. പാച്ചാക്ക്-മലാപ്പറമ്പ് സർവീസ് റോഡിലെ പ്രശ്‌നം ജനുവരി രണ്ടാം വാരത്തോടെ പരിഹരിക്കാൻ ജില്ല കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ല കളക്ടറുടെ അധ്യക്ഷതയിൽ എല്ലാ ആഴ്ചകളിലും ദേശീയപാത അതോറിറ്റിയുമായി അവലോകന യോഗം നടത്താനും യോഗത്തിൽ തീരുമാനമായി.
ജില്ല കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, വടകര ആർഡിഒ അൻവർ സാദത്ത്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.