കുറ്റിപ്പാലയിലെ ഫ്ലാറ്റ് സമുച്ചയം എട്ട് മാസത്തത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറും: മന്ത്രി മോൻസ് ജോസഫ്
മുക്കം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയം എട്ട് മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്
കോഴിക്കോട് : മുക്കം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയം എട്ട് മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ അറിയിച്ചു. തിരുവമ്പാടി എം. എൽ. എ. സി. കെ. കാസിമിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
2020-21 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി, ഹൗസിംഗ് ബോർഡിന്റെ രാജീവ് ദശലക്ഷ പാർപ്പിട പദ്ധതി പ്രകാരമാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 5.45 കോടി രൂപ ചെലവിൽ നാല് ബ്ലോക്കുകളിലായി 36 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. പദ്ധതിയുടെ 78 ശതമാനം സിവിൽ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ നാല് വർഷമായി നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.പ്രവൃത്തികൾ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെത്തുടർന്ന് കരാർ റിസ്ക് ആൻഡ് കോസ്റ്റിൽ റദ്ദാക്കി. പുതിയ കരാറുകാരനെ കണ്ടെത്താൻ ഓഗസ്റ്റ് 24-ന് ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. തുടർന്ന് സെപ്റ്റംബർ 14-ന് പുനർ ടെണ്ടർ ക്ഷണിച്ചപ്പോൾ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ടെണ്ടർ വിലയിരുത്തൽ കോഴിക്കോട് മേഖലാ ഓഫീസിൽ പുരോഗമിക്കുകയാണെന്നും പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.