മലമ്പനിക്കെതിരെ ജാഗ്രത വേണം

മലമ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന അനോഫിലിസ് കൊതുകുകൾ മുഖേനയാണ് രോഗം പകരുന്നത്.

 

കോഴിക്കോട് : മലമ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുന്ന അനോഫിലിസ് കൊതുകുകൾ മുഖേനയാണ് രോഗം പകരുന്നത്. പനിയുള്ളപ്പോൾ രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്താം. മലമ്പനി ലക്ഷണങ്ങൾക്ക് മറ്റ് പനിയുടെ ലക്ഷണവുമായി സാമ്യമുള്ളതിനാൽ മലമ്പനിയല്ലെന്ന് ഉറപ്പാക്കണം. ഇതര സംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങുന്നവരിലെയും അതിഥി തൊഴിലാളികളിലെയും പനിയിൽ പ്രത്യേക ശ്രദ്ധവേണം. മലമ്പനിക്ക് ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്.

മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളി ക്യാമ്പുകൾ, നിർമാണ സ്ഥലങ്ങൾ, തോട്ടം മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. വാർഡ് തലത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ, എന്റമോളജിക്കൽ സർവേ എന്നിവയും സംഘടിപ്പിക്കുന്നു.

അതിഥി തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്, വടകര റെയിൽവേ സ്റ്റേഷൻ എൻട്രി പോയിന്റ് സ്‌ക്രീനിങ്ങും നടക്കുന്നു. ഹാർബറുകളിൽ ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം, വിവിധ വകുപ്പുകളുടെ യോഗങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും നടത്തുന്നുണ്ട്.

*എങ്ങനെ പ്രതിരോധിക്കാം*

* മലമ്പനിയുണ്ടാക്കുന്ന കൊതുകുകൾ ശുദ്ധജലത്തിൽ മുട്ടയിട്ട് വളരുന്നതിനാൽ ഉറവിട നശീകരണം കാര്യക്ഷമമാക്കണം. വെള്ളം സംഭരിച്ചുവെച്ച പാത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ കൊതുക് കടക്കാത്തവിധം വലയോ തുണിയോ കൊണ്ട് മൂടുകയോ അടച്ച് സൂക്ഷിക്കുകയോ വേണം. കെട്ടിനിൽക്കുന്ന വെള്ളം ഒഴുക്കിക്കളയുകയോ മണ്ണിട്ട് മൂടുകയോ ചെയ്യണം.

* ആഴം കുറഞ്ഞ കിണറുകളിൽ കൂത്താടികളെ തിന്നുന്ന ഗപ്പി, ഗാംബൂസിയ തുടങ്ങിയ ചെറുമത്സ്യങ്ങളെ നിക്ഷേപിക്കുകയോ കൊതുക് കടക്കാത്തവിധം വലകൊണ്ട് മൂടി സൂക്ഷിക്കുകയോ വേണം.

* തീരപ്രദേശത്ത് സൂക്ഷിക്കുന്ന ഉപയോഗിക്കാത്ത ബോട്ടുകളിൽ വെള്ളം കെട്ടിക്കിടന്ന് കൂത്താടികൾ ഉണ്ടാകുന്നതിനാൽ ഇതിൽ കൊതുകുനാശിനികൾ തളിക്കുകയോ ബോട്ടുകൾ കമഴ്ത്തിയിടുകയോ ചെയ്യണം.

* കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ അവലംബിക്കുക.

* ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രധാരണം, രാത്രികാലങ്ങളിൽ കൊതുകുവല എന്നിവ ശീലമാക്കുക.

* കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ, റിപ്പലന്റുകൾ, കൊതുക് തിരികൾ എന്നിവ ഉപയോഗിക്കുക.

* വീടുകളുടെ ജനലുകളിലും വാതിലുകളിലും കൊതുക് കടക്കാത്തവിധത്തിലുള്ള കമ്പിവലകൾ ഘടിപ്പിക്കുക.

*മലമ്പനിവിരുദ്ധ മാസാചരണം: ബി.എസ്.എഫ് ക്യാമ്പിൽ സ്‌ക്രീനിങ്ങും ബോധവത്കണ ക്ലാസും സംഘടിപ്പിച്ചു*

മലമ്പനിവിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, ചെക്യാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ അരീക്കരക്കുന്നിലെ ബി.എസ്.എഫ് ക്യാമ്പിൽ സ്‌ക്രീനിങ്ങും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത കരിയിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ ദ്വര അധ്യക്ഷയായി. ബി.എസ്.എഫ് ക്യാമ്പ് ഫാർമസിസ്റ്റ് അഭയ് വർമ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് സുരേന്ദ്രൻ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ പി റിയാസ് എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു. ബി.എസ്.എഫ് ക്യാമ്പിലെ 153 പേരുടെ രക്തസാമ്പിൾ മലമ്പനി പരിശോധക്കായി ശേഖരിച്ചു.

വളയം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് സൂപ്പർവൈസർ കെ ടി കെ ഷീബ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർ പി ഹരി, ചെക്യാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ പി വി പ്രസാദ്, എപ്പിഡെമോളജിസ്റ്റ് ലാവണ്യ, ജെ.എച്ച്.ഐമാരായ പി ശൈനേഷ്, കെ എം ജൂന, അഞ്ജന ദാസ്, എ ജി ചിജിയ തുടങ്ങിയവർ പങ്കെടുത്തു.