കോഴിക്കോട് ജില്ലയിൽ  വോട്ടർ പട്ടിക പുതുക്കൽ: 'ക്യാമ്പസ് ടു ബൂത്ത്' വോട്ടർ രജിസ്‌ട്രേഷൻ യജ്ഞം തുടങ്ങി

സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള 'ക്യാമ്പസ് ടു ബൂത്ത്' പ്രത്യേക വോട്ടർ രജിസ്‌ട്രേഷൻ ഡ്രൈവിന് കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ തുടക്കമായി. 

 


കോഴിക്കോട് : സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള 'ക്യാമ്പസ് ടു ബൂത്ത്' പ്രത്യേക വോട്ടർ രജിസ്‌ട്രേഷൻ ഡ്രൈവിന് കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളിൽ തുടക്കമായി. നടക്കാവ് ഹോളി ക്രോസ് കോളേജിൽ നടന്ന ജില്ലാതല ചടങ്ങ് ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ കോളേജുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും നവംബർ രണ്ട് മുതൽ ഏഴ് വരെ പ്രത്യേക വോട്ടർ എന്റോൾമെന്റ് ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കും.

ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ, എൻ.എസ്.എസ്. കോർഡിനേറ്റർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് എന്റോൾമെന്റ് പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഫ്‌ലാഷ് മോബ്, ഇലക്ഷൻ ക്വസ്റ്റ് ഗെയിം സോണുകൾ, ഇലക്ഷൻ ക്വിസ് തുടങ്ങി വിവിധ ബോധവൽക്കരണ പരിപാടികളും നടക്കും. 18 വയസ്സ് തികയുന്നവരും നിലവിൽ 18 വയസ്സ് പൂർത്തിയായവരുമായ മുഴുവൻ വിദ്യാർഥികളെയും വോട്ടർ പട്ടികയിൽ ചേർക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നൂറു ശതമാനം രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പുരസ്‌കാരവും സമ്മാനിക്കും.

ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.കെ. പ്രതീഷ്, ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്, ജില്ലാ ഇലക്ഷൻ സെൽ കോർഡിനേറ്റർ എം. വിഷ്ണു, കോളേജ് മാനേജർ സി. ജൂലി അഗസ്റ്റിൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, വൈസ് പ്രിൻസിപ്പൽ ജിതിൻ തോമസ് എന്നിവർ പങ്കെടുത്തു.