കോഴിക്കോട് യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
നരിക്കുനിയിൽ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂടെ ഉണ്ടായിരുന്ന മകൾക്ക് പൊള്ളലേറ്റു.മകളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പറമ്പിൽ ബസാർ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്. പൊള്ളലേക്കുകയും പുകശ്വസിച്ച് അവശയാവുകയും ചെയ്ത ഒമ്പത് വയസ്സുകാരിയായ മകളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഐഎംസിഎച്ചിലെ ഐസിയുവിൽ ചികിത്സയിലാണ് കുട്ടി.
നരിക്കുനി -കൊടുവള്ളി റോഡിലെ കടമുറിക്കുള്ളിൽ നിന്ന് പുക ഉയരുകയും ശബ്ദം കേൾക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. ഉടൻ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. നരിക്കുനിയിൽ നിന്ന് ഫയർഫോഴ്സ് എത്തി ഷട്ടർ ഉയർത്തി പരിശോധിച്ചപ്പോളാണ് പുക ശ്വസിച്ചും പൊള്ളലേറ്റും കുട്ടിയെ കണ്ടത്. കുട്ടിയെ മാറ്റിയ ശേഷം നടത്തിയ തെരച്ചിലിലാണ് വിനേഷ് കുമാറിനെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊടുവള്ളി പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക പ്രയാസമാണ് ആത്മഹത്യക്ക് കാരണമെന്നും മറ്റാർക്കും പങ്കില്ലെന്നുമാണ് കുറിപ്പ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസ് വിശദീകരം. മെഡിക്കൽ കോളേജിലെ ഐഎംസിഎച്ചിൽ പ്രവേശിപ്പിച്ച കുട്ടി ഐസിയുവിൽ നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.