കേരള ടൂറിസത്തിന്റെ ആയുർവേദ പ്രചാരണ പരിപാടികൾക്ക് മിഡിൽ ഈസ്റ്റിൽ വലിയ സ്വാധീനം

കേരള ടൂറിസത്തിന്റെയും സോഷ്യൽ മീഡിയയുടെയും മാർക്കറ്റിംഗ് പ്രചാരണങ്ങളിലൂടെ മിഡിൽ ഈസ്റ്റിൽ ആയുർവേദത്തിന് വലിയ സ്വാധിനം ചെലുത്താനായിട്ടുണ്ടെന്ന് പ്രഥമ അന്താരാഷ്ട്ര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവിലെ വിദേശ പ്രതിനിധികൾ. സൗദി അറേബ്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള പ്രതിനിധികളാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്.

 

കോഴിക്കോട്: കേരള ടൂറിസത്തിന്റെയും സോഷ്യൽ മീഡിയയുടെയും മാർക്കറ്റിംഗ് പ്രചാരണങ്ങളിലൂടെ മിഡിൽ ഈസ്റ്റിൽ ആയുർവേദത്തിന് വലിയ സ്വാധിനം ചെലുത്താനായിട്ടുണ്ടെന്ന് പ്രഥമ അന്താരാഷ്ട്ര ആയുർവേദ ആൻഡ് വെൽനസ് കോൺക്ലേവിലെ വിദേശ പ്രതിനിധികൾ. സൗദി അറേബ്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള പ്രതിനിധികളാണ് ഇതിനെക്കുറിച്ച് സംസാരിച്ചത്.

ആയുർവേദ പ്രമോഷൻ സൊസൈറ്റി (എപിഎസ്) ടൂറിസം വകുപ്പുമായും ടൂറിസം, ആരോഗ്യ സംഘടനകളുമായും സഹകരിച്ചാണ് ഫെബ്രുവരി 2, 3 തീയതികളിൽ കോഴിക്കോട്ട് ആയുർവേദ കോൺക്ലേവ് സംഘടിപ്പിച്ചത്.

ആയുർവേദ-വെൽനസ് ടൂറിസം മേഖലയിലെ മുൻനിരക്കാരായി കേരളത്തെ പ്രദർശിപ്പിക്കുന്ന കോൺക്ലേവിൽ ഏകദേശം 34 രാജ്യങ്ങളിൽ നിന്നുള്ള 125-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. റഷ്യയിൽ നിന്നാണ് കൂടുതൽ വിദേശ പ്രതിനിധികൾ എത്തിയത്, 22 പേർ. ജർമ്മനിയിൽ നിന്ന് 14 പ്രതിനിധികൾ പങ്കെടുത്തു.

കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലൂടെയും മറ്റ് സോഷ്യൽ മീഡിയ കാമ്പയിനുകളിലൂടെയുമാണ് ആയുർവേദത്തെക്കുറിച്ച് അറിഞ്ഞതെന്ന് സൗദി അറേബ്യയിൽ നിന്നുള്ള പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ നോറ അൽ ഖാസിം പറഞ്ഞു. ആയുർവേദത്തെക്കുറിച്ചുള്ള വിപുലമായ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. സൗദി പൗരന്മാർക്കിടയിൽ സ്വാധീനം ചെലുത്താൻ ഇതിലൂടെയാകുന്നു. സൗദി അറേബ്യയിലെ ആളുകൾ ആയുർവേദത്തിന്റെ രോഗശാന്തി ശേഷി തിരിച്ചറിഞ്ഞതോടെ അതിൽ താൽപ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്ന വിവരവും അവർ പങ്കുവച്ചു.

ടിക് ടോക്കിലെ സെൻസേഷനായ നോറക്ക് സ്‌നാപ്ചാറ്റിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. നോറ ആദ്യമായിട്ടാണ് കേരളത്തിൽ വരുന്നത്.

കോൺക്ലേവ് വിജ്ഞാനപ്രദവും സഹായകരവുമായിരുന്നുവെന്ന് പറഞ്ഞ നോറ ആയുർവേദത്തിലെ പുനരുജ്ജീവന ചികിത്സകളെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി.

ഭൂമിശാസ്ത്രപരമായി ചെറിയ സമൂഹമായ ബഹ്റൈനിൽ ആയുർവേദ കേന്ദ്രങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് ബഹ്റൈൻ ആസ്ഥാനമായ ട്രാവൽ ഏജന്റ് മുഹമ്മദ് അലമ്മദി ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് അലമ്മദിയുടെ രണ്ടാമത്തെ യാത്രയാണിത്. ബഹ്റൈനിലും സൗദി അറേബ്യയിലും ആയുർവേദം സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയ കാമ്പയിനുകൾ ഉപയോഗപ്പെടുത്തുന്നുവെന്നും കേരളത്തിലെ ഭൂപ്രകൃതിയും കാലാവസ്ഥയും മിഡിൽ ഈസ്റ്റിലെ ക്ലയന്റുകൾക്ക് വളരെ താത്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബയേഴ്‌സ്, സെല്ലേഴ്‌സ്, വെൽനസ് വിദഗ്ധർ എന്നിവരടങ്ങുന്ന പ്രതിനിധികൾ പ്രധാനമായും റഷ്യ, ജർമ്മനി, ഫ്രാൻസ്, യുഎസ്, സ്ലൊവാക്യ, ലെബനൻ, ഇറ്റലി, കസാക്കിസ്ഥാൻ, സൗദി അറേബ്യ, ബൾഗേറിയ, ഇസ്രായേൽ, അർമാനിയ, ജോർദാൻ, തുർക്കി, പോളണ്ട്, പോർച്ചുഗൽ, ദക്ഷിണ കൊറിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.

ആയുർവേദ പണ്ഡിതർ, ആഗോള വെൽനസ് വിദഗ്ധർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രമുഖർ, ട്രാവൽ-കൊമേഴ്‌സ് പ്രൊഫഷണലുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരുടെ ഒത്തുചേരലിന് ദ്വിദിന കോൺക്ലേവ് വേദിയായി.

അന്താരാഷ്ട്ര ആയുർവേദ, യോഗ അംബാസഡർമാർക്കായി ഫെബ്രുവരി 4 മുതൽ കേരളത്തിലുടനീളമുള്ള ആയുർവേദ-വെൽനസ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കും. പ്രതിനിധികൾ ആയുർവേദ റിസോർട്ടുകളും വെൽനസ് റിട്രീറ്റുകളും, യോഗ ലക്ഷ്യസ്ഥാനങ്ങളും ആയുർവേദ ആശുപത്രികളും സംസ്ഥാനത്തുടനീളമുള്ള ആയുർവേദ നിർമ്മാണ സൗകര്യങ്ങളും സന്ദർശിക്കും.

കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോർട്ട് ക്രൂയിസ് തുടങ്ങിയ സാംസ്‌കാരിക, പൈതൃക അനുഭവങ്ങളും മറ്റ് പ്രധാന ആകർഷണങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുന്നു. ഇത് കേരളത്തിന്റെ ആയുർവേദ, വെൽനസ് മേഖല, സാംസ്‌കാരിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് സമഗ്രമായ പരിചയം അന്താരാഷ്ട്ര പ്രതിനിധികൾക്ക് നൽകും.